വല്യാട് : വഴിയരികിൽ നഷ്‌ടമായ പണവും പഴ്‌സും യുവാവിന് തിരികെ നൽകി പാലക്കാട് സ്വദേശിയായ ഡ്രൈവർ മാതൃകയായി. എസ്.എൻ.ഡി.പി യോഗം വല്യാട് ശാഖാ സെക്രട്ടറി പതിനെട്ടിൽ ബൈജുവിന്റെ പുത്രൻ നന്ദുവിന്റെ പണവും രേഖകളും അടങ്ങിയ പഴ്‌സാണ് കഴിഞ്ഞ ദിവസം വഴിയിൽ നഷ്‌ടമായത്. ഇത് തിരികെ ലഭിക്കില്ലെന്ന നിരാശയിൽ ഇരിക്കെയാണ്, സി.പി വിദ്യാനന്ദന്റെ ഉടമസ്ഥതയിലുള്ള കല്ലുമട ഷാപ്പിലേയ്‌ക്ക് പാലക്കാട് നിന്ന് കള്ളുമായി എത്തിയ ചിറ്റൂർ സ്വദേശിയായ കുഞ്ചന് റോഡിൽ കിടന്ന് പഴ്‌സ് ലഭിച്ചത്. പഴ്‌സിൽ ഉടമസ്ഥന്റെ വിലാസം കണ്ടെത്താനുള്ള യാതൊരു രേഖകളുമുണ്ടായിരുന്നില്ല. കുഞ്ചൻ പഴ്‌സിലുണ്ടായിരുന്ന എ.ടി.എം കാർഡുമായി പാലക്കാട്ടെ ബാങ്കിലെത്തി. എ.ടി.എം കാർഡ് നൽകി, വിലാസം ശേഖരിച്ചു. തുടർന്ന് വിദ്യാനന്ദനെ വിളിച്ച് വിലാസം അറിയിച്ചു. വിദ്യാനന്ദന്റെ നിർദേശാനുസരണം കഴിഞ്ഞ ദിവസം നന്ദുവിന്റെ വീട്ടിലെത്തി പണവും രേഖകളും അടങ്ങിയ പഴ്‌സ് കൈമാറി.