വൈക്കം:മാലിന്യസംസ്‌ക്കരണം രാജ്യത്തെ ജനങ്ങളുടെ ജീവന്റെ സംരക്ഷണം ആണെന്ന വസ്തുത എല്ലാവരും മനസ്സിലാക്കണമെന്നും മാലിന്യസംസ്‌ക്കരണം ആധുനിക സംവിധാനത്തോടു കൂടി നടത്തുന്നതുകൊണ്ട് സമീപ പ്രദേശങ്ങളിലുള്ളവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ. സി. മൊയ്തീൻ പറഞ്ഞു. വൈക്കം നഗരസഭയുടെ മാലിന്യമില്ലാത്ത ക്ഷേത്രനഗരം പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവനെ മറന്നുകൊണ്ടുള്ള ഒരു പദ്ധതിയും വികസനമാകില്ല. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ജനങ്ങളുടെ ക്ഷേമത്തിനും മറ്റുമായി 50,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂറ് വർഷം പിന്നിട്ട വൈക്കം നഗരസഭയുടെ ശതാബ്ദി ആഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു. സി. കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ, വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, എൻ.അനിൽ ബിശ്വാസ് ,എസ്.ഹരിദാസൻ നായർ, ബിജു കണ്ണെഴൻ, ബിജിനിപ്രകാശൻ,എ.സി.മണിയമ്മ,രോഹിണിക്കുട്ടി അയ്യപ്പൻ, അഡ്വ. വി. വി. സത്യൻ, ജി. ശ്രീകുമാരൻ നായർ, എം.ഡി. ബാബുരാജ്, അക്കരപ്പാടം ശശി, എൽ. സലിം തുടങ്ങിയവർ പ്രസംഗിച്ചു.