kollam-crime

കൊട്ടാരക്കര: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് പണയംവച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ കൊട്ടാരക്കര ഷാഡോ പൊലീസ് അറസ്റ്റുചെയ്തു. മൈലം പള്ളിക്കൽ കടയിലഴികത്തു പുത്തൻവീട്ടിൽ നാദിർഷ (25), അഞ്ചൽ ഏരൂർ ഗ്രീൻലാന്റിൽ നബീൽ മുഹമ്മദ് ( 24) എന്നിവരാണ് പിടിയിലായത്. ഇവർ വാഹനങ്ങൾ പണയംവച്ച് ഇരുപത്തിയഞ്ചു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവാഹം, വിനോദയാത്ര,​ തീർത്ഥാടന യാത്ര തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞാണ് ഇവർ കാറുകൾ വാടകയ്ക്കെടുക്കുന്നത്. ഇവ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പത്തനാപുരം, കരുനാഗപ്പള്ളി, ചവറ, കണ്ണൂർ എന്നിവിടങ്ങളിലാണ് 50000 മുതൽ രണ്ടര ലക്ഷം രൂപയ്ക്ക് വരെ പണയം വച്ചത്. ലഹരിവസ്തുക്കൾ കടത്താനും അക്രമപ്രവർത്തനങ്ങൾക്കും ഇൗ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇന്നോവ, മാരുതി. വാഗൺ ആർ, മാരുതി സ്വിഫ്റ്റ്, എർട്ടിക്ക, ഹുണ്ടായി ഇയോൺ, നിസാൻ തുടങ്ങിയ കാറുകളാണ് ഇതിനായി വാടകയ്ക്കെടുത്തത്.

കൊല്ലം റൂറൽ എസ്.പി ബി.അശോകന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ‌ഡിവൈ.എസ്.പി അശോകന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ ബി. ഗോപകുമാർ സബ് ഇൻസ്പെക്ടർ സി.കെ. മനോജ്, പൊലീസ് ഓഫീസർമാരായ അരുൺ, ഷാഡോ പൊലീസ് എസ്.ഐ ബിനോജ്, ബാലചന്ദ്രൻപിള്ള, ഷാജഹാൻ. ശിവശങ്കരപിള്ള, അജയകുമാർ, അജയൻ, ആഷിക് കോഹൂർ രാധാകൃഷ്ണപിള്ള, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.