ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് ഇന്ന് രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയിൽ അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബഡ്‌ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യതയേറെയാണ്. ജനങ്ങളെ സ്വാധീനിക്കുന്ന ആദായ നികുതി ഇളവുകളും കാർഷിക മേഖലയ്‌ക്കുള്ള പ്രഖ്യാപനങ്ങളും ഇടം പിടിച്ചേക്കും.
ഇളവുകളും പ്രഖ്യാപനങ്ങളും നിറച്ച് സമ്പൂർണ ബഡ്‌ജറ്റിന് തുല്ല്യമായ ഇടക്കാല ബഡ്‌ജറ്റ് ആയിരിക്കും പിയൂഷ് ഗോയൽ അവതരിപ്പിക്കുക എന്ന സൂചനകളും വരുന്നുണ്ട്.കേന്ദ്രധനമന്ത്രി അരുൺ ജയ്‌റ്റ്ലി യു.എസിൽ ചികിത്സയിലായതിനാലാണ് റെയിൽവെ മന്ത്രിയായ പിയൂഷ് ഗോയലിന് ഇടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. പ്രത്യേക റെയിൽ ബഡ്‌ജറ്റ് നിറുത്തലാക്കിയ ശേഷം നഷ്‌ടമായ അവസരം ഗോയലിനെ തേടി വന്നതാണ്
ആദായ നികുതി പരിധി ഉയർത്തിയേക്കും
ആദായ നികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷം രൂപയായി ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പത്തു ശതമാനം സാമ്പത്തിക സംവരണത്തിന് എട്ടുലക്ഷം രൂപ വാർഷിക വരുമാനം നിശ്‌ചയിച്ചതിനാൽ ആദായ നികുതി പരിധി കൂട്ടണമെന്ന ആവശ്യം ശക്തമാണ്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് രണ്ടു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി പരിധി ഉയർത്തിയത്. 80 സി പ്രകാരം സേവിംഗ്‌സിലുള്ള ആദായ നികുതി ഇളവ് പരിധി ഒന്നര ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാനും സാദ്ധ്യതയുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾക്ക് നികുതി ഇളവ് ലഭിച്ചേക്കും. നികുതി സ്ളാബുകളില മാറ്റമാണ് മറ്റൊന്ന്. 2009ൽ ഒന്നാം യു.പി.എ സർക്കാരിലെ ധനമന്ത്രി പ്രണബ് മുഖർജിയും 2014ലെ ഇടക്കാല ബഡ്‌ജറ്റിൽ രണ്ടാം യു.പി.എ സർക്കാരിലെ ധനമന്ത്രി പി. ചിദംബരവും ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് അരുൺ ജയ്‌റ്റ്ലിയുടെ കഴിഞ്ഞ കാല ബഡ്‌ജറ്റുകളിൽ ആദായ നികുതി ഇളവുകൾക്ക് പ്രാധാന്യം നൽകിയിരുന്നില്ല.
കർഷകരെ പാട്ടിലാക്കാൻ
കാർഷിക മേഖലയിലെ അസന്തുഷ്‌ടി മറികടക്കാൻ ഇടക്കാല ബഡ്‌ജറ്റ് കർഷക സൗഹൃദമാക്കാൻ ശ്രമിച്ചേക്കും. കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ് പിടിച്ചു നിറുത്താനുള്ള പദ്ധതികളും നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ നടപ്പാക്കിയതു മൂലം കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും സംഭവിച്ച നഷ്ടം നികത്താനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, ഭവനനിർമ്മാണം തുടങ്ങിയ മേഖലകളിലാണ് മറ്റു പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യത.