നിറങ്ങൾ തിരിച്ചറിയാനുള്ള പക്ഷികളുടെ കഴിവ് കണ്ട് അന്തംവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. മനുഷ്യർക്ക് കാണാൻ കഴിയാത്ത നിറങ്ങളും പക്ഷികൾക്ക് തിരിച്ചറിയാൻ കഴിയുമത്രെ! മനുഷ്യർ കാണുന്ന നിറഭേദങ്ങളെല്ലാം പ്രധാനമായും പ്രാഥമികവർണങ്ങളായ ചുവപ്പ്, നീല, പച്ച എന്നിവയുടെ സങ്കരമോ വകഭേദങ്ങളോ ആണ്.
എന്നാൽ, പക്ഷികൾക്ക് ഈ മൂന്ന് വർണങ്ങൾക്കു പുറമെ നാലാമതൊരു വർണം കൂടി തിരിച്ചറിയാൻ. കഴിയുമെന്നാണ് ഇതേ കുറിച്ച് പഠനം നടത്തിയ സ്വീഡിഷ് ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ. കോൺസ് എന്നു വിളിക്കുന്ന കണ്ണിന്റെ ഭാഗമാണ് നിറം തിരിച്ചറിയാൻ ജീവികളെ സഹായിക്കുന്നത്. മനുഷ്യരുടെ കോണിനു മൂന്നു നിറങ്ങളിലുള്ള പ്രകാശം സ്വീകരിക്കാനാണ് കഴിയുക. എന്നാൽ പക്ഷികളിൽ നാല് നിറങ്ങളിലുള്ള പ്രകാശം സ്വീകരിക്കാനുള്ള കോണാണുള്ളത്.
എന്നാൽ, കൂടുതൽ നിറങ്ങൾ കാണാൻ കഴിയുന്നുണ്ടെങ്കിലും അതിന്റെ ഭംഗി ആസ്വദിക്കാൻ പക്ഷികൾക്ക് കഴിയാറില്ലത്രെ! മാത്രമല്ല, കൂടുതൽ വർണങ്ങൾ കാണാനുള്ള കഴിവിന്റെ ഉദ്ദേശം അതിന്റെ ഭംഗി ആസ്വദിക്കലല്ല. മറിച്ച് ഏത് ഇടുങ്ങിയ പ്രദേശത്തു കൂടിയും പറന്നു പോകുന്നതിനാണ്. കൂടാതെ വേഗത്തിൽ ഭക്ഷണം കണ്ടെത്താനും ഈ അധിക നിറത്തിന്റെ ആനുകൂല്യം പക്ഷികൾക്ക് ലഭിക്കാറുണ്ട്.