ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുമെന്ന വാർത്ത രാഷ്ട്രീയ സാമ്പത്തിക വിദഗ്‌ദ്ധന്മാർ വളരെ സൂക്ഷ്‌മതയോടെയാണ് നിരീക്ഷിക്കുന്നത്. വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് അദ്ദേഹം രാജ്യത്ത് ചെലവിടുന്നതെങ്കിലും ലോകത്തിലെ ശക്തനായ ഭരണാധികാരികളിൽ ഒരാളുടെ വരവ് വളരെയേറെ മാദ്ധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. നെതന്യാഹുവിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഇസ്രയേലെന്ന കൊച്ചു രാജ്യം എങ്ങനെയാണ് ലോകഗതിയെ നിയന്ത്രിക്കുന്നതെന്ന് അത്ഭുതപ്പെടാത്തവർ കുറവാണ്. 1948ൽ രൂപീകൃതമായ ഈ വാഗ്‌ദത്ത ഭൂമിയെ ലോകത്തിലെ വൻ ശക്തികളിലൊന്നാക്കുന്നത് ഈ അഞ്ചു കാര്യങ്ങൾ കൊണ്ടാണ്.
1. ജൂത രാഷ്ട്രമാക്കി നിലനിർത്താനുള്ള നിരന്തര ശ്രമങ്ങൾ
മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് പറയുമ്പോഴും ഇസ്രയേലിനെ എപ്പോഴും ജൂത ഭൂരിപക്ഷ രാഷ്ട്രമാക്കി നിലനിർത്താനാണ് കാലാകാലമായി മാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്. ജൂത വംശജർക്ക് മാത്രമേ രാജ്യത്തേക്ക് കുടിയേറാനും പൗരന്മാരാകാനും കഴിയൂ എന്ന നിബന്ധന തന്നെ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അയൽ രാജ്യമായ സിറിയയിൽ ആഭ്യന്തര യുദ്ധമുണ്ടായപ്പോൾ അവിടുത്തെ പൗരന്മാരെ അഭയാർത്ഥികളായി സ്വീകരിക്കാൻ ഇസ്രയേൽ തയ്യാറാകാത്തത് ഇതിന്റെ ഭാഗമാണ്. കൂടാതെ ജൂത വംശജർ മറ്റ് മതക്കാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.
2. നിർബന്ധിത സൈനിക സേവനം
അയൽ രാജ്യങ്ങളുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ പൗരന്മാരും നിർബന്ധിത സൈനിക സേവനത്തിന് വിധേയരാകണമെന്ന് ഇസ്രയേൽ നിയമം അനുശാസിക്കുന്നു. ശാരീരിക ബലഹീനതകൾ അനുഭവിക്കുന്നവരൊഴിച്ച് എല്ലാ പുരുഷന്മാരും മൂന്ന് വർഷവും സ്ത്രീകൾ രണ്ട് വർഷവും സൈനിക സേവനം നടത്തിയിരിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യപ്പെടുകയാണെങ്കിൽ സൈന്യത്തിന് വേണ്ടി ജോലി ചെയ്യണമെന്നും ഇസ്രയേൽ നിയമം പൗരന്മാരോട് ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ചെറുപ്പകാലത്ത് സൈനിക സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.
3. രാഷ്ട്രീയക്കാർ പ്രവർത്തിക്കുന്നത് രാജ്യതാത്പര്യങ്ങൾക്ക് വേണ്ടിമാത്രം
മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ സ്വന്തം പാർട്ടിയുടെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുമ്പോൾ ഇസ്രയേലിലെ രാഷ്ട്രീയക്കാരുടെ ആദ്യ പരിഗണന രാജ്യതാത്പര്യം മാത്രമാണ്. ഇസ്രയേലിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ലിക്കുദിന്റെ നയങ്ങൾ പരിശോധിച്ചാൽ ഇത് മനസിലാകും.
4.പുരുഷ കേന്ദ്രീകൃത സമൂഹം
ഇസ്രയേലിലെ പാരമ്പര്യം അനുസരിച്ച് പുരുഷനാണ് കുടുംബത്തിന്റെ നാഥൻ. സ്ത്രീകൾക്ക് സ്വന്തമായി അഭിപ്രായങ്ങളോ ഭർത്താവിന്റെ അനുമതിയില്ലാതെ വിവാഹ മോചനത്തിനോ ഉള്ള അവകാശമില്ല. എന്നാൽ ഇതിനെതിരെ രാജ്യത്ത് നിന്നു തന്നെ നിരവധി സംഘടനകളിൽ നിന്നുള്ള എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം സമ്പ്രദായങ്ങൾ പുരോഗമന രാജ്യത്തിന് ചേർന്നതല്ലെന്നാണ് യുവജന സംഘടനകളുടെ നിലപാട്.
5. മതവിശ്വാസങ്ങൾക്ക് ആദ്യപരിഗണന
മതപരമായ ചട്ടകൂടുകൾ ഇല്ലെങ്കിൽ ജനങ്ങൾ സുഖലോലുപതയിലും അധപതനത്തിലേക്കും കൂപ്പുകുത്തുമെന്നാണ് ഇസ്രയേലിലെ വിശ്വാസം. അതുകൊണ്ട് തന്നെ മതവിശ്വാസങ്ങൾക്ക് ആദ്യ പരിഗണന കൊടുക്കുന്ന സമൂഹമാണ് ഇസ്രയേലിലേത്. രാജ്യത്ത് നിന്നും മറ്റ് മതങ്ങളെ നിരോധിക്കണമെന്ന് പോലും ചില തീവ്ര ജൂത സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട്.
ഇതിനെല്ലാം പുറമെ കുറുക്കന്റെ ബുദ്ധികൂർമതയും കാക്കയുടെ നിരീക്ഷണ കണ്ണുകളുമുള്ള ഇസ്രേയേലിലെ ജനങ്ങളുടെ കഠിനാധ്വാനം തന്നെയാണ് അവരെ ലോകത്തിലെ വൻ ശക്തികളിലൊന്നാക്കിയത്.