tomin-thachankary

കടം കയറി മുടിഞ്ഞ് ശമ്പളവും പെൻഷനും മുടങ്ങിയ അവസ്ഥയിലാണ് ടോമിൻ തച്ചങ്കരി സി.എം.ഡിയായി ചുമതലയേറ്റ് കെ.എസ്.ആർ.ടി.സിയുടെ സ്റ്റിയറിംഗ് പിടിച്ചത്. കെ.എസ്.ആർ.ടി.സിയെ വികസന പാതയിലേക്ക് നയിക്കുന്നതിനായി കടുത്ത നടപടികളെടുക്കാൻ മുഖ്യമന്ത്രി അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒന്നിന് പിറകെ ഒന്നായി പരിഷ്‌കരണ നടപടിയുമായി തച്ചങ്കരി മുന്നോട്ട് പോയതോടെ അദ്ദേഹം യൂണിയൻ നേതാക്കളുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. തൊഴിലാളികളുടെ സ്ഥലം മാറ്റത്തിലടക്കം യൂണിയനുകളുടെ പിടി അയഞ്ഞതോടെ തൊഴിലാളികളും നേതാക്കൻമാരെ പരിഗണിക്കാതായി. തൊഴിലാളികളുടെ പരാതി യൂണിയൻ വഴിയല്ലാതെ തച്ചങ്കരിയെ നേരിട്ട് കണ്ട് ബോധിപ്പിക്കാമെന്ന അവസ്ഥ വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോയത് യൂണിയനുകൾക്കായിരുന്നു. ഇത് നേരിട്ട് പ്രതിഫലിച്ചത് അംഗത്വഫീസിലായിരുന്നു. ഈ ഇടിവ് ചൂണ്ടിക്കാട്ടി ഇടത് തൊഴിലാളി സംഘടനകൾ ഒന്നടങ്കം തച്ചങ്കരിയെ മാറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.

സി.ഐ.ടി.യു സംസ്ഥാന നേതാക്കളും കെ.എസ്.ആർ.ടി.സിയിലെ ചില ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിയൽ ഭീഷണി മുഴക്കിയിരുന്നു. നിലവിലെ അവസ്ഥയിൽ തുടർന്നിട്ട് കാര്യമില്ലെന്ന് അവർ സർക്കാരിനെ അറിയിച്ചു. സംഘടനയ്ക്ക് മാസവരി നൽകുന്നവരുടെ എണ്ണം കുറയുന്നതാണ് അവരെ അസ്വസ്ഥരാക്കിയത്. സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയവയിൽ കൈകടത്തിയിരുന്ന യൂണിയൻ നേതാക്കളാണ് ജീവനക്കാരെ വിരട്ടി കൂടെ നിറുത്തിയിരുന്നത്. എന്നാൽ സംസ്ഥാന നേതാക്കളെ അടക്കം തച്ചങ്കരി തലങ്ങും വിലങ്ങും തെറിപ്പിച്ചു. 15 വർഷത്തിന് ശേഷം ആദ്യമായി ഷെഡ്യൂളുകൾക്ക് അനുസൃതമായി നടത്തിയ പൊതുസ്ഥലമാറ്റം യൂണിയനുകളുടെ വേരറുക്കുന്നതായിരുന്നു.