ravi-pujari

ന്യൂഡൽഹി: മുംബയ് അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. കഴിഞ്ഞ പതിനഞ്ച് വർഷമായി ഒളിവിലായിരുന്ന പൂജാരിയെ സെനഗൽ പൊലീസിന്റെ പിടിയിലായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിപ്പോർട്ടുകളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കൊച്ചിയിൽ നടിയുടെ ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർക്കുകയും ഭീഷണിപ്പെടുത്തിയതോടെയുമാണ് രവി പൂജാരി കേരളത്തിലെ മാദ്ധ്യമ ശ്രദ്ധ നേടിയത്. എന്നാൽ ഗുജറാത്തിലെ മറ്രൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിൽ സ്ഥീരീകരണം ലഭിച്ചാൽ ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സെനഗൽ അധികൃതരെ സമീപിക്കും. ‌

നടിയുടെ ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തവർ അവിടെ ഉപേക്ഷിച്ച് പോയ കടലാസിൽ രവി പൂജാരി എന്ന് എഴുതിയിരുന്നു. തുടർന്ന് ഒരു മാദ്ധ്യമ സ്ഥാപനത്തിലേക്ക് ഇയാൾ വിളിക്കുകയും ആക്രമണത്തിന് പിന്നിൽ താൻ തന്നെയാണെന്നും വാദിച്ചിരിന്നു. മുംബൈ പൊലീസിന്റെ പക്കൽ തന്റെ ശബ്ദരേഖകൾ ഉണ്ടെന്നും വേണമെങ്കിൽ അന്വേഷിച്ച് സ്ഥിരീകരിക്കാമെന്നും ഫോണിൽ വിളിച്ചയാൾ പറഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിളിച്ചത് രവി പൂജാരിയാണെന്ന് പൊലീസിന് വ്യക്തമായത്. ഒരാൾ ഉടൻ കൊല്ലപ്പെടുമെന്നും നടിയല്ല തന്റെ ലക്ഷ്യമെന്നും പൂജാരി അറിയിച്ചിരുന്നു.

ആന്റണി ഫെർണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് പുജാരി സെനഗലിൽ കഴിഞ്ഞിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെനഗലിൽ എത്തുന്നതിനുമുമ്പ് ബുർക്കിനാ ഫാസോയിലായിരുന്നു പുജാരിയുടെ ഒളിവുജീവിതമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷമായി പൂജാരിയുടെ പേരിലുള്ളത് നിരവധി കുറ്റകൃത്യങ്ങളാണ്. ഇന്റർപോൾ ഇയാൾക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുംബൈയിൽ ഛോട്ടാരാജന്റെ സംഘത്തിലാണ് രവി പൂജാരി ആദ്യമായി അധോലോകത്ത് എത്തിയത്. 1990ൽ ബാലാ സാൽട്ടയെന്ന അധോലോക സംഘത്തലവനെ വകവരുത്തിയതോടെയാണ് ഇയാൾ മാദ്ധ്യമ ശ്രദ്ധ നേടിയത്. തുടർന്ന് ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും ഹഫ്ത (കരം)​ പിരിക്കാൻ തുടങ്ങിയ പൂജാരി ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ സംഘം വിടുകയായിരുന്നു. പിന്നീട് ദാവുദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ ഛോട്ടാ ഷക്കീലുമായി സംഘമുണ്ടാക്കി. അവിടുന്ന് വളർന്ന് വലിയ അധോലോക നേതാവി മാറുകയായിരുന്നു പൂജാരി. ഇതിനിടെ പല ക്രിമിനൽ കേസുകളും പൂജാരിക്കു മേൽ ചുമത്തപ്പെട്ടിട്ടുണ്ട്.

2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു. ജെ.എന്‍.യു. വിദ്യാർഥി ഉമർ ഖാലിദ്, കശ്മീരിലെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി എന്നിവർക്ക് നേരെയും രവി പൂജാരി വധഭീഷണി മുഴക്കിയിട്ടുണ്ട്.