-six-submarines

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാന നാവിക ശക്തിയാവാൻ ഇന്ത്യ തദ്ദേശിയമായി ആറ് അന്തർവാഹിനികർ നിർമ്മിക്കുന്നു. ഇതിനായുള്ള 40,000 കോടിയുടെ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ആറ് അന്തർവാഹിനികൾ നീറ്റിലിറങ്ങുന്നതോടെ ഇന്ത്യയുടെ നാവിക ശക്തി പതിന്മടങ്ങ് വർദ്ധിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും ഉന്നത യോഗങ്ങളിൽ ഒന്നായ ഡിഫൻസ് അക്വസിഷൻ കൗൺസിലിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

വിദേശ പ്രതിരോധ നിർമ്മാതാക്കളുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ സഹകരണത്തോടെയാണ് അന്തർവാഹിനികൾ നിർമ്മിക്കുക. അന്തർവാഹിനികളോടൊപ്പം 5,000 മിലൻ 2ടി ടാങ്ക് മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറും പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു. അതേസമയം, നാവിക സേനയുടെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്തിനും അന്തർവാഹിനിയായ കാൽവരി ക്ലാസിനും ഹെവിവെയ്റ്റ് ടോർപെഡോസ് (കപ്പൽവേത മിസൈൽ) വാങ്ങുന്നതിനുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

ആണവ പോർമുനയുള്ള ബാലിസ്റ്റിക്ക് മിസൈൽ വഹിക്കാനാവുന്ന ഇന്ത്യയുടെ ആദ്യത്തെ അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിഹന്ത്. ഇന്ത്യ തദ്ദേശിയമായ വികസിപ്പിച്ചെടുത്ത അരിഹന്ത് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു. അരിഹന്ത് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായതോടെ കര,​ വ്യോമ,​ കടൽ മാർഗം ആണവ മിസൈൽ വിക്ഷേപിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പ്രവേശിച്ചു. ഇതിന് പിന്നാലെ ആറ് അന്തർവാഹിനികളും നാവിക സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധശേഷി പതിന്മടങ്ങ് വർദ്ധിക്കുകയാണ്.