union-budget-2019

ന്യൂഡൽഹി: മാർച്ച് -ഏപ്രിൽ മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രസർക്കാർ തങ്ങളുടെ ഇടക്കാല ബഡ്‌ജറ്രിൽ വൻ ഇളവുകൾ പ്രഖ്യാപിക്കുമെന്ന സൂചന. അഞ്ചുവർഷത്തിനുള്ളിൽ നിരവധി ഫ്ലാഗ് ഷിപ്പ് പദ്ധതികൾ കൊണ്ടുവന്ന സർക്കാർ ജനങ്ങളെ സ്വാധീനിക്കുന്ന മറ്രു ചില വൻ പദ്ധതികളും മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കുന്ന ബഡ്ജറ്രിൽ പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷ. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി യു.എസിൽ ചികിത്സയിലായതിനാലാണ് റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് കൂടിയാണിത്.

തത്സമയ വിവരണം...

ഗ്രാമീണ ശുചിത്വ പദ്ധതികൾ 98ശതമാനവും പൂർത്തിയാക്കി

5,45,000 ഗ്രാമങ്ങളെ വെളിയിട വിസർജന വിമുക്തമാക്കി

കിട്ടാക്കടം 4.6 ശതമാനമായി കുറഞ്ഞു

3ലക്ഷം കോടി കിട്ടാക്കടം പിരിച്ചു

ധനക്കമ്മി ഏഴ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി

ബാങ്കിംഗ് രംഗത്ത് സമൂല മാറ്റങ്ങൾ കൊണ്ടുവന്നു

കിട്ടാക്കടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ ഉയരുന്ന സാമ്പത്തിക ശക്തിയായി

ഇന്ത്യ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി

രാജ്യം സുസ്ഥിര വികസന പാതയിൽ

പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിച്ചു

2022ഓടെ പുതിയ ഇന്ത്യയാണ് സർക്കാരിന്റെ ലക്ഷ്യം

മന്ത്രി പിയൂഷ് ഗോയൽ സഭയിലെത്തി ഇടക്കാല ബഡ്‌ജറ്റ് അവതരണം തുടങ്ങി

union-budget-2019

ബഡ്‌ജറ്റ് പ്രതീക്ഷകൾ

യുവാക്കൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കർഷകർ, തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ചെറുകിട വ്യവസായികൾ, കോർപ്പറേറ്റുകൾ, കച്ചവടക്കാർ തുടങ്ങിയ ജീവിതത്തിലെ നാനാതുറകളിലുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ബഡ്ജറ്രിലുണ്ടാകും

ഇതോടെ കേന്ദ്രസർക്കാരിന്റെ അവസാന വർഷത്തെ ബഡ്ജറ്ര് ജനപ്രിയ ബഡ്ജറ്രാകാനാണ് സാദ്ധ്യത.

ഇടത്തരക്കാരായ വലിയ വിഭാഗത്തിന് താല്പര്യമുള്ള ആദായ നികുതി പരിധി ഉയർത്തലാണ് സർക്കാരിന്റെ മുന്നിലുള്ള മറ്രൊരു വെല്ലുവിളി. ആദായ നികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ചെറിയ ഇളവുകൾ നൽകുകയും പരിധി ഉയർത്താതെ സ്ലാബുകളിൽ ചെറിയ മാറ്രം വരുത്തുകയായിരുന്നു നേരത്തെ സർക്കാർ ചെയ്തത്. എന്നാൽ ഇത്തവണ ആദായ നികുതി പരിധി ഉയർത്തുമെന്നു തന്നെയാണ് കരുതുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കാര്യക്ഷമമാക്കിയെങ്കിലും ഇതിനുള്ള വകയിരുത്തൽ ഇനിയും വർദ്ധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. രാജ്യത്തെ സാധാരണക്കാരെ ആകർഷിക്കുന്ന ഈ പരിപാടിക്ക് പണം കൂട്ടുമെന്നു തന്നെയാണ് കണക്കുകൂട്ടൽ . അതോടൊപ്പം പദ്ധിതിയിൽ ഘടനാപരമായ മാറ്രവും പ്രതീക്ഷിക്കുന്നുണ്ട്.

ആഗോള തലത്തിൽ തന്നെ പ്രശംസിക്കപ്പെട്ട ഇന്ത്യയിലെ ഏറ്രവും വലിയ ആരോഗ്യ പെൻഷൻ പദ്ധതിയായ ആയുഷ്മാൻ ഭാരതിനായുള്ള തുക വകയിരുത്തൽ വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. ആരോഗ്യ വകുപ്പിന് വേണ്ടി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ 54,000 കോടി വകയിരുത്തിയെങ്കിലും ആയുഷ്മാൻ പദ്ധതിക്കായി 1200 കോടിയെ വകയിരുത്തിയുള്ളു. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്.

50 കോടി പേർക്ക് ഒരു വർഷം 5 ലക്ഷം രൂപാ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിക്കായി 9.13ലക്ഷം പേർക്കാണ് ഇതുവരെ ആനുകൂല്യം നൽകിയത്. 80 ലക്ഷം പേർക്ക് അംഗത്വ കാർഡയച്ചുകഴിഞ്ഞു. പദ്ധതിക്കായി ഈ വർഷം കൂടുതൽ വകയിരുത്തുമെന്നാണ് കരുതുന്നത്.

കോർപറേറ്ര് ടാക്സ് കുറയ്ക്കണമെന്നാണ് വൻകിട കോർപ്പറേറ്രുകളുടെ ആവശ്യം. കഴിഞ്ഞ തവണ കുറച്ചെങ്കിലും നികുതി പിരിക്കൽ കാര്യക്ഷമാക്കി വരവ് വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചിരുന്നു. നികുതി ഇനിയും കുറയ്ക്കണമെന്നാണ് ആവശ്യം.

കർഷകരുടെ വരുമാനം 2020 ഓടെ ഇരട്ടിയാക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് മുൻനിറുത്തി കൂടുതൽ കർഷക അനുകൂല പ്രഖ്യാപനങ്ങൾ വന്നേക്കും. കർഷർക്കായി പ്രത്യേക പാക്കേജും അവതരിപ്പിച്ചേക്കും.

നോട്ട് നിരോധനം, ജി.എസ്. ടി എന്നിവയിലൂടെ കൂടുതൽ നിയന്ത്രണങ്ങൾ വിധേയരായ കച്ചവടക്കാർക്ക് ഗുണം പകരുന്ന ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കും. മുദ്രാ യോജന പോലുള്ള സംരംഭകത്വ വായ്പാ പദ്ധതികൾ നിലവിലുണ്ടെങ്കിലും യുവാക്കൾക്കും തൊഴിൽ തേടുന്നവർക്കും കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സ്റ്രാർട്ടപ്പുകൾ, ഐ. ടി വ്യവസായം എന്നിവയ്ക്കായും കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചേക്കും.