actor-prithviraj

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. ബെന്യാമിന്റ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ജോർദാനിൽ ആരംഭിച്ചിരിക്കുകയാണ്. കുറച്ച് രംങ്ങൾ കഴിഞ്ഞ വർഷം തന്നെ ഷൂട്ട് ചെയ്തിരുന്നു.

പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് തിരക്കിലായത് കൊണ്ടാണ് ആടുജീവിതത്തിലേക്ക് എത്താൻ വൈകിയതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നിന്ന് പുറത്തായ പൃഥ്വിയുടെ ഗെറ്റ‌പ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമുള്ള പൃഥ്വിയുടെ പുതിയ ഗെറ്റപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഥാപാത്രമായ നജീബിന്റെ രൂപവും ഭാവവും പൃഥ്വിയിൽ കാണാം. വളരെ ആവേശത്തോടെയാണ് പൃഥ്വിയുടെ പുതിയ ഗെറ്റപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ശാരീരികപരമായി പൃഥ്വിക്ക് ഏറെ മാറ്റങ്ങൾ വേണ്ടിവരുന്നതും വെല്ലുവിളികൾ നേരിടേണ്ടി ചിത്രമായിരിക്കും ആടുജീവിതമെന്ന് നോവൽ വായിച്ച എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഏറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണ് നജീബിന്റേത്. പൃഥ്വി എങ്ങനെയായിരിക്കും നജീബിനെ വെള്ളിത്തിരയിലെത്തിക്കുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ബിഗ് ബഡ്‌ജറ്റ് ചിത്രമായി ഒരുക്കുന്ന ആടുജീവിതത്തിൽ അമലാപോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായിട്ടാണ് ചിത്രത്തിൽ അമലാ പോൾ എത്തുന്നത്. അമലയ്ക്കു പുറമെ വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്.കുട്ടനാടും,​ ജോർദാനും,​ ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കോഷനുകൾ. ബെന്യാമിന്റെ നോവലിനോട് പൂർണമായി നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.

കാൽ നൂറ്റാണ്ടിന് ശേഷം സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുകയാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ് നിർവ്വഹിക്കുന്നത്. രണ്ട് ഓസ്കർ ജേതാക്കൾ ഒരു മലയാള ചിത്രത്തിനായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്. കെ.യു മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്. ഒരു വർഷത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുക. 2020ൽ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.