ഭാഗ്യലക്ഷ്‌മി എന്ന് പേരിന് പുതിയൊരു മുഖവുരയുടെ ആവശ്യമില്ല. മലയാള സിനിമയിലെ എണ്ണം പറഞ്ഞ നായികമാരുടെയെല്ലാം ശബ്‌ദസൗന്ദര്യം ഭാഗ്യലക്ഷ്‌മിയായിരുന്നു. ശോഭന, ഉർവശി, രേവതി, കാർത്തിക, ലിസി, മീന തുടങ്ങി ഒരുകാലത്ത് മലയാളസിനിമയുടെ താരരാജ്ഞിമാരായിരുന്ന നായികമാർക്കെല്ലാം ഭാഗ്യലക്ഷ്‌മി ശബ്‌ദം പകർന്നു. കരിയറിൽ നാൽപ്പത് വർഷം പിന്നിടുമ്പോഴും മറ്റ് ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾക്ക് തന്നോട് പൊതുവെ അകൽച്ചയാണെന്ന് പറയുകയാണവർ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്‌മിയുടെ വെളിപ്പെടുത്തൽ.
ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ-
'അതൊരു പക്ഷേ എന്റെ പോരായ്‌മ തന്നെയായിരിക്കാം. അല്ലെങ്കിൽ ഭരിക്കുക എന്നുള്ള ഒരു സ്വഭാവം പൊതുവെ എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾക്കൊക്കെ എന്നെക്കാണുമ്പോൾ വല്ലാത്ത ബഹുമാനമൊക്കെയാണെങ്കിലും ഒരു പക്ഷേ അതുചിലപ്പോൾ പേടികൊണ്ടായിരിക്കാം. എന്നാലും അവർ മനസിൽ നന്നായി പ്രാകുന്നുണ്ട്. ദേ വരുന്നു പിശാച് എന്നു പറഞ്ഞ്.
ഞങ്ങളൊക്കെ പണ്ട് മദ്രാസിൽ ഡബ്ബ് ചെയ്യുമ്പോൾ സയലൻസ് എന്നു പറഞ്ഞാൽ സയലൻസ് തന്നെ ആയിരിക്കും. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരു സീനിടുമ്പോൾ ആർട്ടിസ്‌റ്റിനെ നോക്കി കമന്റ് ചെയ്യുക, അവരുടെ കുറ്റം പറയുക, മൊബൈൽ നോക്കുക ഇതൊക്കെ അവർ ചെയ്യും. പലപ്പോഴും ഞാൻ ഒളിച്ചു നിന്ന് നോക്കാറുണ്ട് എന്താണ് അവർ ചെയ്യുന്നതെന്ന്. പലപ്പോഴും ഇതൊക്കെ ഞാൻ വളരെ ഒച്ചവച്ചും ബഹളമുണ്ടാക്കിയുമൊക്കെയാവും പറഞ്ഞു കൊടുക്കുക.
ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾക്ക് പൊതുവെ എന്നോട് ഒരു അകൽച്ചയാണ്. അവർക്ക് എന്തോ എന്നോട് ആർക്കുമൊരു സൗഹൃദാവമില്ളാത്തതു പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അതേസമയം, സംവിധായകർക്കോ പ്രൊഡ്യൂസർമാർക്കോ എന്നോട് അതിഭയങ്കരമായ സ്നേഹവും സൗഹൃദവുമൊക്കെയുണ്ട്. ഇവർക്ക് മാത്രമേ ഇങ്ങനെ ഒരിതുള്ളൂ.
ഡബ്ബിംഗ് ആർട്ടിസ്‌റ്റുകളുടെ ഇടയിൽ എനിക്ക് ആ സൗഹൃദം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അത് പിന്നെ ഞാൻ സ്വയം വിശകലനം ചെയ്‌തു. എന്തുകൊണ്ട്? എന്തുകൊണ്ടാണ് എന്റെ സഹപ്രവർത്തകർ എന്നിൽ നിന്ന് അകന്നു നിൽക്കുന്നതെന്ന്. അപ്പോൾ എനിക്ക് മനസിലായി എന്റെ അവരോടുള്ള സമീപനം പലപ്പോഴും തെറ്റായിരുന്നുവെന്ന്. എപ്പോഴും അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ഭാഗ്യേച്ചി മതിയെന്ന് അവർ പറയുമ്പോൾ ആ വിശ്വാസവും സ്‌നേഹവും തിരിച്ചു നൽകാൻ എനിക്ക് കഴിഞ്ഞില്ല. അത് അവരോട് കാണിക്കുക എന്നുള്ളത് എന്റെ ഒരു മര്യാദയാണ് എന്റെ കടമയാണ്. അത് ഞാൻ റിയലൈസ് ചെയ്‌തു'.