തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സൂപ്പർതാരം മോഹൽലാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയോ താരങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മോഹൻലാലിനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്ന സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി നേതാക്കൾ താരത്തെ കണ്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം.എൽ.എ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഷ്ട്രീയം അടക്കമുള്ള പൊതുകാര്യങ്ങളിൽ താത്പര്യമുള്ളയാളാണ് മോഹൻലാൽ. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ബി.ജെ.പി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നത് നേരാണ്. മണ്ഡലത്തിലെ താമസക്കാരനായ മോഹൻലാൽ ബി.ജെ.പിയുടെ റഡാറിലുണ്ട്. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായ നിലപാടാണുള്ളത്. സ്ഥാനാർത്ഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. മോദിയുടെ ജന്മദിനത്തിൽ ലാൽ ആശംസകർ അർപ്പിച്ചതും ഇതിന് മോദി നന്ദി പറഞ്ഞതും താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലെത്തി താരം മോദിയെ സന്ദർശിക്കുകയും ചെയ്‌തിരുന്നു.ഇതിന് പിന്നാലെ പദ്മ പുരസ്‌ക്കാരങ്ങൾ നൽകി കേന്ദ്രസർക്കാർ ലാലിനെ ആദരിക്കുകയും ചെയ്‌തിരുന്നു.