tp-senkumar

നമ്പി നാരായന് പത്മ പുരസ്കാരം നൽകി ആദരിക്കുന്നതിനെ വിമർശിച്ച മുൻ ഡി.ജി.പി സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി രംഗത്തെത്തി. സെൻകുമാറിന്റെ പ്രസ്താവനകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകർത്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വാർത്ഥ ലാഭത്തിന് വേണ്ടിയാണ് സെൻകുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. നമ്പി നാരായണനെ വിമർശിക്കാൻ മാത്രം സെൻകുമാർ വളർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നമ്പി നാരായണനെതിരെയുള്ള സെൻകുമാറിന്റെ പ്രസ്താവനകൾ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷൺ നൽകുന്നത് കേന്ദ്ര സർക്കാരാണ്. ആ തീരുമാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വിമർശിക്കുന്നത് ശരിയായ രീതിയല്ല. മുൻ ഡി.ജി.പി ഇപ്പോൾ സമൂഹത്തിന് വേണ്ടിയല്ല സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ എവിടെയെങ്കിലും ഒരു സീറ്റ് കിട്ടണം,​ അല്ലെങ്കിൽ ഒരു ഗവർണർ സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണം.'

'സെൻകുമാർ ഏത് പാർട്ടിക്ക് വേണ്ടിയാണോ സംസാരിക്കുന്നത് ആ പാർട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപ്പോലും അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. വ്യക്തിലാഭത്തിനായി സെൻകുമാറിനെ പോലെ ചില പൊലീസുകാരുടെ പ്രവർത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകർത്തത്. സെൻകുമാറിനെതിരെ നമ്പി നാരായണൻ കേസ് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തെ വിമർശിക്കാൻ മാത്രം സെൻകുമാർ വളർന്നിട്ടില്ല.' മേജർ രവി പറഞ്ഞു.