നിങ്ങളനുഭവിക്കുന്ന ജീവിതം എത്രമാത്രം മനോഹരമാണെന്നറിയാൻ അമുദന്റെ ജീവിതം കാണണം. 12 അദ്ധ്യായങ്ങളിലായി അയാളുടെ ജീവിതം കണ്ടു തീർക്കുന്ന പ്രേക്ഷകർ ഈ വരികൾ ശരിവയ്‌ക്കും. ആത്മസംഘർഷങ്ങളിൽ അലഞ്ഞു തിരിയുന്ന മനുഷ്യമനസിനെ ഹൃദയഭേദകമായി വരഞ്ഞിടുന്നു റാമിന്റെ പേരൻപ്. കാട്രതു തമിഴ്, തങ്കമീൻകൾ, താരാമണി എന്നിവയ്‌ക്ക് ശേഷം പേരൻപുമായി റാമെത്തുമ്പോൾ വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെന്ന അഭിനയപ്രതിഭയുടെ മടങ്ങിവരവു കൂടിയാകുന്നു ഈ ചിത്രം
ജീവിതത്തുരുത്തിൽ ഒറ്റയ്‌ക്ക്
പ്രകൃതി പലപ്പോഴും ക്രൂരമാണ്. വ്യത്യസ്‌തരായി ആളുകളെ സൃഷ്ടിച്ച് ഒരുപോലെ പാലിക്കുന്നവൾ. ആനുകൂല്യങ്ങൾ നൽകാത്തവൾ. സ്പാസ്റ്റിക് പരാലിസിസ് രോഗം ബാധിച്ച പാപ്പയ്‌ക്കു (സാധന) മുന്നിലും പ്രകൃതി അതുപോലെ നിവർന്നു നിൽക്കുന്നു. പാപ്പയ്‌ക്ക് കൈത്താങ്ങും കരൾത്താങ്ങുമാകാൻ ആകെയുള്ളത് അച്ഛൻ അമുദൻ മാത്രം. സ്വന്തമായി മെല്ലെ നടന്നു നീങ്ങാൻ മാത്രം കഴിവുള്ള പാപ്പയെ തനിച്ചാക്കി അമ്മ മറ്റൊരാൾക്കൊപ്പം പോകുന്നു. പത്തു വർഷമായി ഗൾഫിൽ ഡ്രൈവറായി ജോലി നോക്കിയിരുന്ന അമുദൻ തിരികെ നാട്ടിലെത്തുന്നു. മകളുമായി അടുപ്പം പോലുമില്ലാത്ത ആ അച്ഛൻ അമ്മയുടെ സ്ഥാനം നേടിയെടുക്കാൻ ഏറെ പാടു പെടുന്നു. ഒടുവിലവൾ കൗമാരത്തിലേക്ക് കടക്കുന്നതോടെ ആത്മസംഘർഷങ്ങളിലേക്ക് കൂപ്പു കുത്തുന്ന അമുദനാണ് കേന്ദ്ര കഥാപാത്രം. ഒറ്റപ്പെട്ടും ഒതുങ്ങിയും ദുരിതങ്ങൾ നീന്തിക്കയറിയും തന്റെ പാപ്പയ്‌ക്ക് സ്നേഹത്തണലൊരുക്കാൻ പാടുപെടുകയാണയാൾ. ജീവിതത്തിന്റെ അർത്ഥ ശൂന്യതകൾക്കു മുന്നിൽ അയാൾ പകച്ചു നിൽക്കുന്നു, ചിലപ്പോൾ പൊട്ടിക്കരയുന്നു, മറ്രു ചിലപ്പോൾ കൈമലർത്തേണ്ടി വരുന്നു. അതിസാധാരണക്കാരനായ ആ അച്ഛന്റെ ആത്മ സംഘർഷങ്ങളെ നേരിയ വിടവുപോലുമില്ലാതെ മമ്മൂട്ടി സ്ക്രീനിലെത്തിക്കുമ്പോൾ കരിയറിലെ മറ്റൊരു മികച്ച പെർഫോമൻസ് കൂടി അദ്ദേഹത്തിന് ചേർത്തുവയ്‌ക്കാം.
12 അദ്ധ്യായങ്ങളിലായി അമുദൻ തന്നെ സ്വന്തം കഥ പറഞ്ഞു തുടങ്ങുന്നു. അമുദന്റെ ജീവിതഋതുക്കൾക്കൊപ്പം ക്രൂരവും നിഗൂഡവും സ്വതന്ത്രവുമാകുന്ന പ്രകൃതിയുടെ ഋതുഭേദങ്ങൾ കൂടി ചേർത്തുവയ്ക്കുമ്പോൾ അമുദനും പാപ്പയും പ്രേക്ഷകരുടെ ഹൃദയത്തോട് ചേരുന്നു. ആൾക്കൂട്ടങ്ങൾക്കും ബഹളങ്ങൾക്കുമപ്പുറം പ്രകൃതിയുടെ താളങ്ങൾ വികാരങ്ങൾക്ക് കൂട്ടുവരുമ്പോൾ, അവയെ മനോഹരമായി ക്യാമറയിലൊളിപ്പിക്കുമ്പോൾ അവയെ പ്രക്ഷകർക്ക് അവഗണിക്കാനാവില്ലെന്ന് റാം വീണ്ടും കാട്ടിത്തരുന്നു. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും യുവൻ ശങ്കർ രാജയുടെ സംഗീതവും കൂടിയെത്തുന്നതോടെ പേരൻപിന്റെ കാഴ്‌ചയുടെ ആഴം കൂടുന്നു. ഭാവതീവ്രമായ രംഗങ്ങളെയും വലിയ തത്വശാസ്ത്രങ്ങൾ പറയുന്ന അത്യന്തം ലളിതമായ സംഭാഷണങ്ങളുമാണ് പേരൻപിന്റെ മറ്റൊരു പ്രത്യേകത. ബുദ്ധിജീവി ജാഡകളില്ലാതെ മണ്ണോളം കുനിഞ്ഞ് സ്നേഹത്തിന്റെയും ആർദ്രതയുടെയും നുറുങ്ങുകൾ പെറുക്കിയടുക്കുന്ന പേരൻപ് മാനുഷികതയുടെ ചിത്രം കൂടിയാണ്.
മലയാളത്തോളം തമിഴിലും എല്ലാ അർത്ഥത്തിലും ഇഴുകി ചേരാനുള്ള മമ്മൂട്ടിയുടെ കഴിവ് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് പേരൻപ്. ആത്മസംഘർഷങ്ങളനുഭവിക്കുന്ന അച്ഛൻ കഥാപാത്രങ്ങളേറെ മമ്മൂട്ടി പരിചയപ്പെടുത്തി തന്നിട്ടുണ്ടെങ്കിലും അമുതനിൽ പുതുമ കാത്തു സൂക്ഷിക്കാൻ കഥാകാരൻ കൂടിയായ റാമിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം റാമിന്റെ തങ്കമീൻകളിലൂടെ സ്വന്തമാക്കിയ സാധനയുടെ പാപ്പയും ശരീര ഭാഷകൊണ്ടും അഭിനയം കൊണ്ടും അമ്പരപ്പിക്കുമെന്നുറപ്പാണ്. മലയാളത്തിനും ട്രാൻസ്ജൻഡർ വിഭാത്തിനും ഒരേ പോലെ അഭിമാനിക്കാവുന്ന വകയുമായി അഞ്ജലി അമീറും സ്ക്രീനിൽ നിറയുന്നു. സുപ്രധാന കഥാപാത്രത്തിലൂടെ പ്രത്യാശ നൽകുന്ന പ്രകടനമാണ് അഞ്ജലി കാഴ്‌ചയവയ്‌ക്കുന്നത്.
ക്രൂരതകൾക്കും അസ്വാതന്ത്ര്യങ്ങൾക്കിമിപ്പുറം ഓരോ മനുഷ്യനും ജീവിതം അനുകമ്പ കാത്തുവയ്ക്കുമെന്ന് 'പേരൻപോടെ അമുദൻ" പറഞ്ഞുവയ്‌ക്കുന്നു.
റേറ്റിംഗ്: 4