china-

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലവിൽ വന്ന ലോകക്രമം അമേരിക്കൻ നേതൃത്വത്തിലുള്ളതാണെങ്കിലും മറ്ര് പാശ്ചാത്യരാജ്യങ്ങൾ ആ സഖ്യത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ശീതസമരകാലത്തെ എല്ലാ യുദ്ധങ്ങളിലും നയരൂപീകരണങ്ങളിലും ഈ രാജ്യങ്ങൾ പൊതുവെ സമാനനിലപാടുകളാണ് എടുത്തിട്ടുള്ളത്. ഐക്യരാഷ്‌ട്രസഭ,​ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ,​ ലോകബാങ്ക് തുടങ്ങിയ സംഘടനകളിലും പ്രാദേശിക സംവിധാനങ്ങളിലും ഇവർ ഒരുമയോടെയാണ് പ്രവർത്തിക്കുന്നത്. ഈ ഒരുമ ഏറ്റവും പ്രകടമായി കാണുന്നത് അമേരിക്ക,​ ബ്രിട്ടൻ,​ ഓസ്‌ട്രേലിയ ,​ ജർമ്മനി,​ ഇറ്റലി,​ സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ ഇടയിലാണ്. ഇറാഖ് യുദ്ധത്തിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ ഇവർ അമേരിക്കയോട് ചേർന്ന് പൊരുതിയത് ഈ ഐക്യത്തെയാണ് കാണിക്കുന്നത്. അമേരിക്കയുടെ എല്ലാ കടന്നുകയറ്റങ്ങളിലും ഇവർ ന്യായാന്യായത്തിലുപരിയായി പിന്തുണ നൽകിയിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്‌ചാത്യശക്തികളുടെ മേൽക്കോയ്‌മ നിലനിറുത്താൻ വേണ്ടിയിട്ടുള്ളതാണ് ഈ ഐക്യം. 15-ാം നൂറ്റാണ്ടു മുതൽ ഈ ശക്തികൾക്ക് ലോകത്ത് മേൽക്കോയ്‌മയുണ്ട്. 19-ാം നൂറ്റാണ്ടിൽ ചൈനയ്‌ക്കെതിരെ നടന്ന ഓപിയം യുദ്ധങ്ങളിലും ഈ ഐക്യം ദൃശ്യമായിരുന്നു. ഇപ്പോൾ ചൈനയ്‌ക്കെതിരെ നടക്കുന്ന വ്യാപാര യുദ്ധത്തിലും ഈ ഐക്യം മറനീക്കി പുറത്തുവരികയാണ്.

മെങിന്റെ അറസ്‌റ്റ്

2018 ഡിസംബർ ഒന്നിന് കനേഡിയൻ തലസ്ഥാനമായ വാൻകോവറിൽ വച്ച് അമേരിക്കയ്‌ക്ക് വേണ്ടി കാനഡ പൊലീസ് ചൈനീസ് ടെക്ക് ഭീമനായ ഹുവാ വേയുടെ പ്രധാന ധനകാര്യ ഉദ്യോഗസ്ഥയായ മെങ് വാൻഷോവിനെ അറസ്‌റ്റ് ചെയ്‌തു. ന്യൂയോർക്കിലെ ഒരു കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് അറസ്‌റ്റ്. 2010 - 14 കാലയളവിൽ ഹുവാ വേയ് രണ്ട് ഇറാനിയൻ കമ്പനികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ അമേരിക്കയുടെ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധ നിബന്ധനകളെ ലംഘിച്ചു എന്നതാണ് കുറ്റം. മെങിനെ അമേരിക്കയ്‌ക്ക് വിട്ടുകൊടുക്കണമെന്നതാണ് ആവശ്യം.

മെങ് ചില്ലറക്കാരിയല്ല. ലോകത്തിലെ ഏറ്രവും വലിയ ടെലികോം സാമഗ്രി ഉത്പാദക കമ്പനിയാണ് ഹുവാ വേയ്. അതിന്റെ സ്ഥാപകന്റെ മകളാണ് മെങ്. ഇവർക്കെതിരെയുള്ള നടപടി ചൈനയ്‌ക്ക് ഒട്ടും സുഖിച്ചിട്ടില്ല. ' പാശ്ചാത്യരുടെ അഹന്തയും വെള്ളക്കാരുടെ മേൽക്കോയ്‌മയും അടങ്ങുന്ന നിയമലംഘനമാണ് ' മെങിന്റെ അറസ്‌റ്രെന്നാണ് കാനഡയിലെ ചൈനീസ് അംബാസിഡർ പറഞ്ഞത്. ദേശീയ സുരക്ഷാ കാരണം പറഞ്ഞ് രണ്ട് കാനഡക്കാരെ ചൈനയിൽ അറസ്‌റ്റ് ചെയ്‌തും മറ്റൊരാളെ മയക്കുമരുന്ന് കേസിൽ വധശിക്ഷയ്‌ക്ക് വിധിച്ചുമാണ് ചൈന പ്രതികരിച്ചത്.

തങ്ങളുടെ രാജ്യത്തിനെതിരെ സാമ്പത്തിക കുറ്റം നടത്തിയവർക്കെതിരെയുള്ള നിയമനടപടി മാത്രമാണിതെന്നാണ് അമേരിക്കൻ നിലപാട്. യഥാർത്ഥ ലക്ഷ്യം ചൈനയുടെ സാമ്പത്തിക വളർച്ച തടയുകയാണ് . ഈ പ്രശ്നം സമ്മർദ്ദതന്ത്രമായി ഉപയോഗിച്ച് വ്യാപാരലാഭം കൊയ്യാമോ എന്നാണ് ട്രംപ് ആലോചിക്കുന്നത്. ഈ തടങ്കൽ നയതന്ത്രം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുക മാത്രമല്ല,​ ഇതിന് ഇരയാകുന്ന വ്യക്തികളുടെ ജീവിതവും ദുരിതത്തിലാകും.

പാശ്ചാത്യർ ഒന്നിക്കുന്നു

ചൈനയ്‌ക്ക് എതിരെ എടുത്തിട്ടുള്ള ഈ നടപടിയിൽ മുകളിൽ സൂചിപ്പിച്ച പാശ്ചാത്യരാജ്യങ്ങൾ ഒറ്റക്കൈയാണ്. ചൈനയിലെ ഭീമൻ കമ്പനികൾ ഈ രാജ്യങ്ങളിൽ നടത്തുന്ന ഇടപാടുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിജയിക്കുന്ന ചിത്രമാണ് തെളിയുന്നത്. കഴിഞ്ഞ ജനുവരി 11 ന് ഹുവാ വേയുടെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തിയുടെ പേരിൽ പോളണ്ടിൽ അറസ്‌റ്റ് ചെയ്‌തു. ഓസ്ട്രേലിയ,​ ന്യൂസിലാൻഡ്,​ കാനഡ,​ നോർവെ,​ ബ്രിട്ടൻ ,​ ഫ്രാൻസ്,​ ജർമ്മനി തുടങ്ങിയ രാജ്യങ്ങളൊക്കെ ചാരവ‌ൃത്തിയുടെ പേരിൽ ചൈനീസ് കമ്പനികൾക്ക് മേൽ നിയന്ത്രണവും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 28 ന് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇറാൻ ഉപരോധം ലംഘിച്ചതിനും രഹസ്യവിവരങ്ങൾ ചോർത്തിയതിനും ഹുവാ വേയെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കി. ഈ ഫെബ്രുവരി മുതൽ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികൾ,​ സൈനിക ക്യാമ്പുകൾ തുടങ്ങിയവ ചൈനയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. പ്രധാനമായും ഹുവാ വേയുടെ 5ജി നെറ്റ്‌വർക്ക് കരാറുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലാതെയാണ് ഈ നടപടികൾ. യഥാർത്ഥത്തിൽ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി വളരെ അടുത്ത ബന്ധമുള്ള കമ്പനിയാണ് ഹുവാ വേയ്. കമ്പനിയുടെ ആഗോളവ്യാപാരത്തിന് ഒട്ടവധി ഇളവുകളും ആനുകൂല്യങ്ങളും ചൈനീസ് സർക്കാർ നൽകുന്നു. തീർത്തും സ്വകാര്യമായ പാശ്ചാത്യ കമ്പനികൾക്ക് സർക്കാർ സഹായം ലഭിക്കുന്ന ചൈനീസ് കമ്പനികളുമായി മത്സരിക്കാൻ സാധിക്കുന്നില്ല. ചൈനീസ് സമ്പദ് വ്യവസ്ഥയിൽ ഘടനാപരമായ മാറ്റങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എങ്കിൽ മാത്രമേ ചൈനയെ തകർക്കാൻ കഴിയൂ എന്ന് അമേരിക്ക വിചാരിക്കുന്നു.

കിറുക്കല്ല വ്യാപാരയുദ്ധം

ചൈനയ്‌ക്കെതിരെയുള്ള നികുതി വർ‌ദ്ധനവും വ്യാപാരയുദ്ധവും ട്രംപിന്റെ കിറുക്കൻ നിലപാടുകളുടെ ഫലമാണെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാൽ ഇത് വളരെ ആലോചിച്ചെടുത്ത നയമാണെന്നാണ് മെങിന്റെ അറസ്‌റ്റും തുടർന്നുള്ള പാശ്ചാത്യ കൂട്ടായ്‌മ പ്രവർത്തനങ്ങളും കാണിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ട്രംപുമായി വളരെയധികം അഭിപ്രായ വ്യത്യാസങ്ങൾ പാശ്ചാത്യരാജ്യങ്ങൾക്ക് ഉള്ള സമയത്താണ് ഇവർ ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ അണിനിരക്കുന്നത് എന്നതാണ്. ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളും സാമ്പത്തികവും സൈനികവുമായി തങ്ങളെ മറികടക്കുമോ എന്ന ഭയമാണ് ഇത്തരം നടപടികൾക്ക് ഇവരെ പ്രേരിപ്പിക്കുന്നത്. ഭൗമരാഷ്‌ട്രീയ താത്‌പര്യങ്ങളാണ് ഇത്തരം നടപടികളുടെ കാതൽ.

ഇന്ത്യയ്‌ക്ക് പാഠം

ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയൊരു പാഠമാണ്. ചൈനയ്‌ക്ക് തടയിടാൻ അമേരിക്കയുമായി ചേർന്നാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. ഈ അമേരിക്കൻ ചങ്ങാത്തം എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം. ദീർഘകാലത്തിൽ ഇന്ത്യയുടെ വളർച്ചയും വൻശക്തി പദവിയും അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നുള്ളത് സുവ്യക്തമാണ്. ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം ഇന്ത്യ വിദേശബന്ധങ്ങളിൽ ഏർപ്പെടാൻ.

( ലേഖകൻ കേരളസർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. )​