tp-chandrasekharan

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുഞ്ഞനന്തന്റെ യാഥാർത്ഥ ആരോഗ്യപ്രശ്നം എന്താണെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ജയിലിൽ കഴിയാൻ എന്താണ് തടസമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായി കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ജയിലിൽ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമർശം. ഇതോടൊപ്പം കുഞ്ഞനന്തൻ ജയിലിൽ എത്ര വർഷം കഴിഞ്ഞു എന്നും ചോദിച്ചു. ജയിലിൽ കൂടുതൽ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉടൻ ചികിത്സിക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. തടവുകാർക്ക് രോഗം വന്നാൽ പരോളിന് പകരം ചികിത്സയാണ് നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാരിന്റെ ബാദ്ധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് വഴിവിട്ടു പരോൾ അനുവദിക്കുന്നെന്നാരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ നൽകിയ ഹർജിയിലായിരുന്ന് ഹൈക്കോടതിയുടെ ഈ പരാമർശം.