spiderman

സാവോപോളോ: ജോലിസ്ഥലത്ത് എല്ലാവരും എന്നെന്നും ഓർമ്മിക്കണം. അതിന് എന്ത് നമ്പരും പയറ്റും. ഒരു ബ്രസീലിയൻ യുവാവ് പയറ്റിയത് തികച്ചും വ്യത്യസ്ഥമായ നമ്പരാണ്. ജോലി സ്ഥലത്തെ തന്റെ അവസാനത്തെ പ്രവൃത്തിദിനം സ്‌പൈഡർമാനായി വേഷം ധരിച്ച് വന്നാണ് അദ്ദേഹം സഹപ്രവർത്തകരെ ഞെട്ടിച്ചത്. സാവോ പോളോ ബാങ്കിലാണ് സംഭവം. സഹപ്രവർത്തകർ പകർത്തിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു.'ജോലി സ്ഥലത്തെ അവസാനത്തെ ദിവസം ബോസിനെ പ്രാന്താക്കുന്ന ജീവനക്കാരൻ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. ഇതിനൊപ്പം ഇദ്ദേഹം സഹപ്രവർത്തകർക്ക് മധുരം വിതരണം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നു.


മറ്റൊരിടത്ത് ജോലികിട്ടിയപ്പോഴാണ് ബാങ്കിലെ ജോലി യുവാവ് ഉപേക്ഷിച്ചത്. രാജിക്കത്ത് സ്വീകരിച്ചെങ്കിലും കുറച്ചുദിവസംകൂടി ജോലിതുടരാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു.ഓഫീസിലെ അവസാനദിവസം സഹപ്രവർത്തകരെ ഞെട്ടിപ്പിക്കണമെന്ന് രാജിക്കത്ത് നൽകിയപ്പോഴേ യുവാവ് തീരുമാനിച്ചിരുന്നു. ഇതിനുള്ള വഴിയും കണ്ടുപിടിച്ചു. പക്ഷേ, മറ്റൊരെയും അറിയിച്ചില്ല. അവസാനദിവസം സ്‌പൈഡർമാന്റെ വേഷത്തിലെത്തിയ യുവാവിനെ ആദ്യം കാവൽക്കാർ തടഞ്ഞു.

ഓഫീസിനുള്ളിലെ സ്‌പൈഡർമാനെ കണ്ട് ജീവനക്കാരും അമ്പരന്നു. പിന്നീട് കാര്യമറിഞ്ഞപ്പോൾ അമ്പരപ്പ് ചിരിക്ക് വഴിമാറി. സഹപ്രവർത്തകർ ചുറ്റും കൂടി. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. ആ ദിവസം മുഴുവൻ അയാൾ ഓഫീസിലുണ്ടായിരുന്നു.