ബീജിംഗ്: അടുത്തദിവസം തീർച്ചയായും തരും. പേടിയേ വേണ്ട... കടംവാങ്ങിയ പണം തിരികെ കൊടുക്കാത്തവരുടെ സ്ഥിരം പല്ലവിയാണിത്.
ഇങ്ങനെ പറഞ്ഞ് മുങ്ങുന്ന കക്ഷിയെ മഷിയിട്ടുനോക്കിയാലും പിന്നെ കാണില്ല. ഇത്തരക്കാരെ ഇനി എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നുമാത്രമല്ല അവർക്കിട്ട് പണിയാനും കഴിയും. മൊബൈൽഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മാത്രംമതി.
ചൈനയിലെ അതിപ്രശസ്തമായ മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റിലൂടെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവും. അധികം പണച്ചെലവുമില്ല. പണം കൊടുക്കാനുള്ള വ്യക്തിയെക്കുറിച്ചുളള ചില വിവരങ്ങൾ ആപ്പിൽ നൽകണം. ഇയാൾ അഞ്ഞൂറുമീറ്ററിനടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈലിൽ ഉടൻ സന്ദേശമെത്തും. തൊട്ടുപുറകേ അയാൾ എവിടെയാണ് ഉള്ളതെന്ന കൃത്യമായ വിവരവും എത്തും.
അവിടെയെത്തി കൃത്യമായി പൊക്കാനാവും. ഇതിനിടെ അയാൾ സ്ഥലംവിടാൻ ശ്രമിക്കുകയാണെങ്കിൽ അതും അറിയാനൊക്കും.
എന്നാൽ പണം നൽകാനുള്ള വ്യക്തിയുടെ പേര്, ഫോട്ടോ, തുടങ്ങിയവ ലഭിക്കില്ല . അധികം വൈകാതെ ഇൗ സേവനങ്ങളും ലഭിക്കും.
ചൈനയിലെ ഹെബെയ് പ്രദേശത്തുള്ളവർക്ക് മാത്രമാണ് നിലവിൽ ഇൗ ആപ്പ് ഉപയോഗിക്കാനാവുക. ചൈനയിലെ മറ്റുപ്രദേശങ്ങളിലുള്ളവർക്കും ആപ്പിന്റെ പ്രയോജനം ലഭിക്കാള്ള നടപടികൾ അധികൃതർ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.