നിധിവേട്ടക്കാർ കാലങ്ങളായി ശ്രമിച്ചിട്ടും ഇന്നും പിടി തരാത്ത ഒരിടമുണ്ട്.അതിന്റെ ഉടമയാകട്ടെ ഫ്രഞ്ച് ചക്രവർത്തിയും സേനാധിപതിയുമായ നെപ്പോളിയൻ ബോണപ്പാർട്ടും! ആ നിധിയുടെ കഥയിങ്ങനെ:
സൈന്യവുമായി റഷ്യയിലെത്തിയ നെപ്പോളിയനെ സ്വീകരിച്ചത് ഒഴിഞ്ഞ ഗ്രാമങ്ങളും കത്തുന്ന തെരുവുകളുമായിരുന്നു. നെപ്പോളിയനേയും സംഘത്തേയും റഷ്യയിലെത്തിക്കുക എന്നുള്ള റഷ്യൻ ഒളിപ്പോരാളികളുടെ തന്ത്രമായിരുന്നു അത്. ഒടുവിൽ ക്ഷീണം കാരണം സൈന്യത്തിലേറെപ്പേരും മരിച്ചു. പോരാത്തതിന് കൊടുംതണുപ്പും. അങ്ങനെ ഫ്രഞ്ച് സൈന്യം പിന്തിരിഞ്ഞു. എന്നാൽ റഷ്യയിൽ നിന്നു മോഷ്ടിച്ച സ്വർണക്കട്ടികളും ആഭരണങ്ങളുമെല്ലാം നെപ്പോളിയൻ കൂടെക്കൂട്ടിയിരുന്നു. അവ ഫ്രാൻസിലേക്ക് എത്തിയില്ലെന്നാണു ചരിത്രകാരന്മാർ പറയുന്നത്. മടക്കയാത്രയിലെവിടെയോ നെപ്പോളിയന്റെ സൈന്യം അത് ഒളിപ്പിച്ചുവത്രെ.
ആ നിധി റഷ്യയിലെ ബൾഷായ റുട്ടവെക്ക് എന്ന തടാകത്തിലുണ്ടെന്നാണ് റഷ്യൻ ചരിത്രകാരൻ വിയാഷെസ് ലാവ് റിസ്‌കോവ് വെളിപ്പെടുത്തുന്നത്. തടാകത്തിലെ വെള്ളത്തിൽ സാധാരണയിൽ കവിഞ്ഞ് സിൽവർ അയണുകളുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ഇതു നിധിയിൽ നിന്നാണെന്നാണു റിസ്‌കോവിന്റെ വാദം. നിധി കണ്ടെത്താനുള്ള സാങ്കേതിക സഹായം അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇദ്ദേഹം. എന്നാൽ അതു തനിക്കായല്ല, മറിച്ച് റഷ്യയിലെ പല ചരിത്ര സ്മാരകങ്ങളിലെയും ഏറെ വിലപിടിപ്പുള്ള അപൂർവ വസ്തുക്കൾ ആ നിധിയിലുണ്ടെന്നും അതു തിരിച്ചെടുത്തു നൽകുകയും വേണമത്രെ!