ബ്യൂണസ്അയേഴ്സ്: അർജന്റീനക്കാരൻ ലിയോയെ കാണുന്നവർ ഞെട്ടിത്തെറിക്കും. ഒറ്റനോട്ടത്തിലല്ല എത്ര സൂക്ഷിച്ചുനോക്കിയാലും കക്ഷി മൈക്കൾ ജാക്സനല്ലെന്ന് ആരും പറയില്ല. അത്രയ്ക്കുണ്ട് രൂപ സാദ്യശ്യം. ജനിച്ചപ്പോഴേ ഇങ്ങനെയായിരുന്നെന്ന് ധരിക്കരുതേ. കാശുമുടക്കി ശസ്ത്രക്രിയ നടത്തിയാണ് ഇങ്ങനെയായത്.
ജാക്സനോടുള്ള കടുത്ത ആരാധന തന്നെയാണ് ഇതിനുകാരണം. മരിക്കുന്നതിനുമുമ്പ് പൂർണമായും അദ്ദേഹത്തെപ്പോലെയാവണം എന്നതാണ് ലിയോയുടെ ആഗ്രഹം. എൺപതുശതമാനത്തോളം ആഗ്രഹം സഫലമായി.പക്ഷേ, തൃപ്തനല്ല. കുഞ്ഞുനാൾ മുതൽ ആരാധന തുടങ്ങിയതാണെങ്കിലും പതിനഞ്ചാംവയസുമുതലാണ് ശസ്ത്രക്രിയക്ക് വിധേയനാവാൻ തുടങ്ങിയത്. മാതാപിതാക്കളും ബന്ധുക്കളുമൊക്കെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.പറഞ്ഞിട്ട് കാര്യമില്ലെന്ന് വ്യക്തമായതോടെ അവർ ഉപദേശം നിറുത്തി. ലക്ഷക്കണക്കിന് രൂപയാണ് ശസ്ത്രക്രിയക്കും മറ്റുമായി ചെലവാക്കിയത്. ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് പറയാൻ ലിയോ ഒരുക്കമല്ല.
ഇപ്പോൾ കണ്ടാൽ ജാക്സനെ വാർത്ത് വച്ചതുപോലുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പക്ഷേ, ലിയോ തൃപ്തനല്ലെന്ന് പറയുന്നു. മുഖത്ത് ഇനിയും കുറച്ചു കൂടി ഒറിജിനാലിറ്റി വരുത്താനുണ്ട്. അതുകൂടി ചെയ്താലേ പൂർണമായും അദ്ദേഹത്തെപ്പോലാവാൻ കഴിയൂ. രൂപത്തിനൊപ്പം ശബ്ദവും മാറ്റാൻ ലിയോ ശ്രമിക്കുന്നുണ്ട്. പക്ഷേ, അത് അത്രകണ്ട് വിജയിക്കുന്നില്ലെന്നുമാത്രം. ഇനിയും ശസ്ത്രക്ീയക്ക് വിധേയനാവുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും മുഖത്തിന്റെ മാറ്റം പൂർണമാകുന്നതുവരെ അതൊന്നും ശ്രദ്ധിക്കേണ്ടെന്നാണ് ലിയോയുടെ നിലപാട്.