ഐസ്ലാൻഡിന്റെ തെക്കൻതീരത്ത് ഒരു ദ്വീപുണ്ട്. പേര് സർട്സി. എന്താണ് പ്രത്യേകത എന്ന് ചോദിച്ചാലോ... ഒരുപാടുണ്ട് താനും. ഒറ്റയടിക്ക് ഉടലെടുത്ത ഈ ദ്വീപിൽ അനുവാദമില്ലാതെ ഒരാളെപ്പോലും പ്രവേശിപ്പിക്കില്ല. വലിയൊരു അഗ്നിപർവത സ്ഫോടനത്തിനൊടുവിൽ ഉയർന്നു വന്നതാണ് സർട്സി. അഗ്നിപർവതത്തിൽ നിന്നുള്ള ലാവയും ചാരവും മറ്റും കടലിൽ അടിഞ്ഞുകൂടിയാണ് ഈ വിലക്കപ്പെട്ട ദ്വീപുണ്ടായത്. 1963ലാണ് ഇത് കടലിന് മുകളിലേക്ക് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.
രൂപപ്പെട്ടതിനു പിന്നാലെ ശാസ്ത്രലോകത്തിന്റെ നോട്ടം മുഴുവൻ ഈ കുഞ്ഞൻ ദ്വീപിലേക്കായിരുന്നു. മനുഷ്യന്റെ ഇടപെടലൊന്നുമില്ലാതെ പ്രകൃതി തന്നെ പരുവപ്പെടുത്തിയ ദ്വീപ് എന്നുള്ളതായിരുന്നു ആ നോട്ടത്തിന് പിന്നിൽ. 1965ലാണ് ദ്വീപിൽ ആദ്യമായി ഒരു ചെടി മുളയ്ക്കുന്നത്. 1967 ആയപ്പോഴേക്കും പായലും നിറഞ്ഞു. ദ്വീപ് രൂപപ്പെട്ട് 20 വർഷം കഴിഞ്ഞപ്പോൾ നടത്തിയ സർവേയിൽ 20 ഇനം ചെടികളാണ് ഇവിടെ കണ്ടെത്തിയത്. 2008 ആയപ്പോൾ അത് 69 ഇനമായി. വർഷത്തിൽ രണ്ടു മുതൽ അഞ്ചു വരെ എന്ന കണക്കിനു പുതിയ ചെടികൾ ദ്വീപിൽ നിറയുകയാണെന്നാണു കണക്ക്. ധാരാളം ശാസ്ത്രജ്ഞർ ദിവസവും ഇവിടെയെത്തുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവരെ മാത്രമാണ് ഇവിടെ താമസിപ്പിക്കാറ്!