കുഞ്ചാക്കോ ബോബൻ എന്ന നടൻ അനിയത്തിപ്രാവ് എന്ന സിനിമയിൽ അരങ്ങേറിയതു മുതൽ ഇന്നുവരെ ചോക്കളേറ്റ് നായകന്റെ വേഷമാണ് അവതരിപ്പിച്ചു വന്നത്. ഇടയ്‌ക്ക് ചില വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴും പ്രേമനായകനെന്ന ഇമേജ് കളഞ്ഞിരുന്നില്ല. എന്നാൽ ബിലഹരി സംവിധാനം ചെയ്‌ത അള്ള് രാമേന്ദ്രൻ എന്ന സിനിമയിൽ ഇതുവരെ കാണാത്ത ഒരു കുഞ്ചാക്കോ ബോബനെയാണ് പ്രേക്ഷകന് കാണാനാവുക.
പൊലീസ് ഡ്രൈവറായ രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിക്കുന്നത്. എല്ലാവരുടേയും രാമചന്ദ്രൻ എന്ന രാമേന്ദ്രൻ അള്ള് രാമേന്ദ്രനായത് എങ്ങനെയെന്നാണ് സിനിമ അനാവരണം ചെയ്യുന്നത്. താൻ ഓടിക്കുമ്പോൾ മാത്രം ജീപ്പിന് സ്ഥിരമായി ഒരാൾ അള്ള് വച്ച് പഞ്ചറാക്കുന്നു. ഇത് നിത്യവും അരങ്ങേറാൻ തുടങ്ങിയതോടെ രാമേന്ദ്രന്റെ ഊണും ഉറക്കവും ജീവിതവും ജോലിയുമെല്ലാം പ്രതിസന്ധിയിലായി. തന്റെ പ്രതിസന്ധിക്ക് കാരണക്കാരനായവനെ തേടി രാമേന്ദ്രൻ പിന്നെ പരക്കംപായുന്നതാണ് സിനിമയുടെ ഇതിവൃത്തം.
135 മിനിട്ട് നീളുന്ന സിനിമ സാധാരണ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം. കോമഡിയിൽ തുടങ്ങി ത്രില്ലറിലൂടെ സഞ്ചരിക്കുകയും ഇടയ്ക്കിടെ പൊടിക്ക് മാസും കൊണ്ടുവന്ന് കുടുംബപ്രേക്ഷകരേയും യുവതലമുറയേയും ഒരുപോലെ തൃപ്‌തിപ്പെടുത്താൻ സംവിധായകൻ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ഭാര്യയുമൊത്ത് സ്വസ്ഥജീവിതം നയിക്കുന്ന ഗൃഹനാഥന്റെ വേഷമാണ് കുഞ്ചാക്കോയ്‌ക്ക് എന്നതിനാൽ തന്നെ ചോക്കളേറ്റ് ഇമേജ് പൂർണമായും വെടിഞ്ഞാണ് അദ്ദേഹം എത്തുന്നത്. ആദ്യ പകുതിയുടെ ഭൂരിഭാഗവും രാമേന്ദ്രന്റെ സന്തോഷ ജീവിതം അനാവരണം ചെയ്യുമ്പോൾ രണ്ടാം പകുതിയിൽ തന്റെ ജീവിതം തകർത്തവനെ കണ്ടെത്താൻ ഭ്രാന്തെടുത്ത് 'വെടികൊണ്ട പന്നി'യെ പോലെ നടത്തുന്ന ശ്രമങ്ങളാണ്. ചിലയിടങ്ങളിൽ സിനിമ അതിനാടകീയതയിലൂടെ കടന്നുപോകുന്നത് പ്രേക്ഷകരുടെ ആസ്വാദനശേഷിക്ക് വിലങ്ങുതടിയാകുന്നുണ്ട്.
രാമേന്ദ്രൻ എന്ന പ്രത്യേക സ്വാഭാവങ്ങളുള്ള കഥാപാത്രത്തെ തന്മയത്വത്തോടെയാണ് കുഞ്ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്. ചിരിക്കാൻ പോലും മറക്കുകയും പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന നായകന്റെ മാനറിസങ്ങളെ പൂർണമായും ഉൾക്കൊള്ളാൻ കുഞ്ചാക്കോയ്ക്ക് അനായാസം കഴിഞ്ഞിരിക്കുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഇടയിൽ പരിഹാസ്യനാകേണ്ടി വരുന്ന രാമേന്ദ്രനായി കുഞ്ചാക്കോ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. ഇടയ്ക്ക് മീശ പിരിക്കുകയും ചെയ്യുന്നുണ്ട് കുഞ്ചാക്കോ.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ മടങ്ങിയെത്തിയ ചാന്ദ്നി ശ്രീധരനാണ് കുഞ്ചാക്കോയുടെ ഭാര്യാ വേഷത്തിൽ എത്തുന്നത്. അപർണ ബാലമുരളി കുഞ്ചാക്കോയുടെ സഹോദരിയുടെ വേഷത്തിലെത്തുന്നു. പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കൃഷ്ണശങ്കർ, അൽത്താഫ്, ധർമ്മജൻ ബോൾഗാട്ടി, ശ്രീനാഥ് ഭാസി, കൊച്ചുപ്രേമൻ, സലിം കുമാർ, കൃഷ്ണുപ്രഭ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജിംഷി ഖാലിദിന്റെ കാമറ കൈയടി അർഹിക്കുന്നു.
വാൽക്കഷണം: അളിയനല്ല അള്ള് അളിയനാണ്
റേറ്റിംഗ്: 2.5