കൊല്ലം: കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ചയ്‌ക്കെത്തിയ മോഷ്‌ടാവ് നിരാശയോടെ മടങ്ങി. കടപ്പാക്കട ശ്രീകൃഷ്‌ണ ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വ്യാഴാഴ്‌ച ഇവിടെ വിശേഷ ദിവസമായതിനാൽ വഞ്ചി നിറയാറുണ്ട്. ഇത് മനസിലാക്കിയ മോഷ്‌ടാവ് തലയിൽ മുണ്ടിട്ട് ഇന്ന് പുലർച്ചെ 1.43ഓടെ കമ്പിപ്പാരയുമായെത്തി.
ക്ഷേത്രമതിൽക്കെട്ട് ചാടിക്കടക്കുന്നത് സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നലെ രാത്രി 10ന് മുമ്പ് ക്ഷേത്ര ഭാരവാഹികൾ വഞ്ചിയിൽ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തി മാറ്റിയിരുന്നു. ഇതിന് ശേഷം വഞ്ചി പൂട്ടിയില്ല. മോഷ്‌ടാവ് വഞ്ചി തുറന്ന് പരിശോധിച്ച ശേഷം അൽപ്പ സമയം ചെലവിട്ട് മടങ്ങി. കാലിയായ വഞ്ചി പൂട്ടാതിരുന്നത് ക്ഷേത്ര ഭാരവാഹികളുടെ ബുദ്ധിയായിരുന്നു.