budget-

കൊച്ചി: കർഷകരുടെയും ഇടത്തട്ടുകാരുടെയും ക്ഷേമവും രാജ്യത്തിന്റെ വികസനവും ഒപ്പം പരമാവധി വോട്ടും ലക്ഷ്യമിടുന്ന​ ലളിതമായ ബഡ്‌ജറ്ര്. ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ അവതരിപ്പിച്ച,​ നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്രിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പരമാവധി വോട്ട് ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാൽ ബഡ്‌ജറ്ര് നിറയുമെന്ന് ഉറപ്പായിരുന്നു. എന്നാൽ,​ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കൂടി ഊന്നലുള്ള പ്രായോഗികമായ ബഡ്‌ജറ്റാണ് പീയുഷ് ഗോയൽ അവതരിപ്പിച്ചത്.

കർഷകർക്ക് പ്രതിവർഷം 6,​000 രൂപ വീതം നൽകുന്നതും അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതി അടയ്‌ക്കുന്നതിൽ നിന്ന് ഒഴിവാക്കിയതും നികുതിയിലെ മറ്ര് ഇളവുകളും ജനങ്ങളുടെ കൈവശം പണമെത്താനും അതുവഴി ഉപഭോഗം വർദ്ധിക്കാനും വഴിയൊരുക്കും. ഇത്,​ സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകും. സമ്പദ്‌വളർച്ചയും ഉയരും. ആരോഗ്യം,​ അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ മുന്നേറ്റം എന്നിവയ്‌ക്കും ബഡ്‌ജറ്രിൽ ഊന്നലുണ്ട്. ഇന്ത്യയെ പത്തുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന 'വിഷൻ 2030" വികസന നിർദേശങ്ങളും ശ്രദ്ധേയമാണ്.

ആദായ നികുതി ഇളവിന്റെ പരിധി മൂന്നുലക്ഷം രൂപവരെ ആക്കുമെന്നായിരുന്നു പ്രതീക്ഷ. കാരണം,​ അഞ്ചുലക്ഷം വരെ ഇളവ് നൽകുന്നത് സർക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ,​ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന്റെ സമ്പദ്‌സ്ഥിതിയിൽ 'വിട്ടുവീഴ്‌ച"യ്ക്ക് തയ്യാറാണെന്ന് സൂചന നൽകി ഇളവിന്റെ പരിധി ഗോയൽ ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപവരെയാക്കി. 80 സി,​ 80 സി.സി.ഡി., 80 ടി.ടി.എ തുടങ്ങിയവ പ്രകാരമുള്ള ഇളവുകളും വ്യക്തിഗത ഇളവുമെല്ലാം ചേർത്ത് മൊത്തം 7.75 ലക്ഷം രൂപവരെ നികുതിയിളവ് നേടാനും വ്യവസ്ഥയുണ്ട്.

ആദായ നികുതി ഇളവിന്റെ പരിധി ഉയർത്തിയതിന്റെ ഗുണം മൂന്ന് കോടിപ്പേർക്ക് ലഭിക്കുമെന്നാണ് പീയുഷ് പറഞ്ഞത്. സർക്കാരിന് 18,​500 കോടി രൂപയുടെ വരുമാനക്കുറവുമുണ്ടാകും. വ്യക്തിഗത ഇളവിന്റെ (സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ)​ പരിധി 40,​000 രൂപയിൽ നിന്ന് 50,​000 രൂപയാക്കി ഗോയൽ കൈയടി നേടി. ബാങ്ക്,​ പോസ്‌റ്ര് ഓഫീസ് എന്നിവയിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശയ്ക്ക് സ്രോതസിൽ നിന്ന് ഈടാക്കിയിരുന്ന നികുതിയിലും (ടി.ഡി.എസ്)​ മാറ്റമുണ്ട്. നേരത്തേ 10,​000 രൂപയ്‌ക്കുമേലുള്ള പലിശയ്ക്ക് നികുതി ഉണ്ടായിരുന്നത് ഇപ്പോൾ 40,​000 രൂപയാക്കി.

വാടക വരുമാനത്തിന്റെ ടി.ഡി.എസ് ഇളവ് പരിധി 1.80 ലക്ഷം രൂപയിൽ നിന്ന് 2.40 ലക്ഷം രൂപയാക്കി. രണ്ടു കോടി രൂപവരെ മൂലധന നികുതി നേട്ടം (കാപ്പിറ്രൽ ടാക്‌സ് ഗെയിൻ)​ കൈവരിക്കുന്നവർക്ക് രണ്ടാമത്തെ വീടും ഇപ്പോൾ നികുതിയില്ലാതെ കൈവശം വയ്‌ക്കാം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസിന് ശേഷം 3,​000 രൂപവീതം പെൻഷൻ കൊടുക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയം. പത്തുകോടിയോളം പേർക്കാണ് ഇതു ഗുണം ചെയ്യുക.

₹ 75,​000 കോടി

പ്രതിവർഷം 6,​000 രൂപ വീതം കർഷകർക്ക് നൽകാനുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്‌ക്കായി നീക്കിവയ്‌ക്കുന്നത് 75,​000 കോടി രൂപയാണ്.

5%

പ്രകൃതി ദുരന്തങ്ങളാൽ നഷ്‌ടക്കുഴിയിൽ വീണ കർഷകർക്ക് രണ്ടു ശതമാനം പലിശ സബ്‌സിഡി ലഭിക്കും. വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക് മൂന്നു ശതമാനം അധിക സബ്‌സിഡിയും നേടാം.

ധനക്കമ്മി കൂടും

നടപ്പുവർഷം ജി.ഡി.പിയുടെ 3.3 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ,​ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകേണ്ടതുള്ളതിനാൽ ഇത് 3.4 ശതമാനമായി ഉയരുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 2017-18ൽ ഇത് 3.5 ശതമാനമായിരുന്നു. 2019-20ൽ പ്രതീക്ഷിക്കുന്നതും 3.4 ശതമാനമാണ്.

₹28,​000 കോടി

റിസർവ് ബാങ്കിൽ നിന്ന് നടപ്പുവർഷം 28,​000 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം സർക്കാർ പ്രതീക്ഷിക്കുന്നു. ഈ വർഷത്തേക്കായി നേരത്തേ ലഭിച്ച 40,​000 കോടി രൂപയ്ക്ക് പുറമേയാണിത്.

പുരോഗമനാത്മക

ബഡ്‌ജറ്ര്: ഫിക്കി

അടുത്ത പത്തുവർഷത്തിന് അപ്പുറമുള്ള ഇന്ത്യയുടെ ഭാവി മുന്നിൽക്കണ്ടുള്ള,​ പുരോഗമനാത്മക ബഡ്‌ജറ്രാണിതെന്ന് ഫിക്കി കേരള കൗൺസിൽ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്ര് പറഞ്ഞു. കർഷകർക്ക് 6,​000 രൂപ വീതം നൽകാനുള്ള തീരുമാനവും ആദായ നികുതി ഇളവിന്റെ പരിധി ഉയർത്തിയ നടപടിയും കെട്ടിട വാടക വരുമാന ഇനത്തിലെ നികുതിയിളവും അഭിനന്ദനാർഹമായ നടപടികളാണ്.

മികച്ച ബഡ്‌ജറ്രെന്ന് സി.ഐ.ഐ

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമായ പ്രഖ്യാപനങ്ങളുള്ള മികച്ച ബഡ്‌ജറ്റാണിതെന്ന് സി.ഐ.ഐ അഭിപ്രായപ്പെട്ടു. കാർഷിക,​ ഗ്രാമീണ മേഖലകളുടെ മുന്നേറ്റത്തിനുള്ള നടപടികൾ ബഡ്‌ജറ്റിൽ കാണാം. ആദായ നികുതി ഇളവിന്റെ പരിധി ഉയർത്തിയ നടപടിയും ഒരു കോടി യുവാക്കളെ പരിശീലിപ്പിക്കാനുള്ള തീരുമാനവും സമ്പദ്‌വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് സി.ഐ.ഐ കേരള ചെയർമാൻ ഡോ.എസ്. സജികുമാർ പറഞ്ഞു.

ജനപ്രിയ ബഡ്‌ജറ്ര്:

എം.എ. യൂസഫലി

ജനോപകാര പ്രദവും സന്തുലിതവുമായ ബഡ്‌ജറ്റാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ആദായ നികുതി ഇളവിന്റെ പരിധി ഉയർത്തിയത് ഉപഭോഗം വർദ്ധിപ്പിക്കും. ഇത് റീട്ടെയിൽ ഷോപ്പിംഗ് മേഖലയ്ക്ക് ഉണർവാകും. കാർഷിക വളർച്ച,​ കർഷകക്ഷേമം എന്നിവയും ലക്ഷ്യമിടുന്ന പോസിറ്രീവ് ബഡ്‌ജറ്രാണിത്.

ഇത് തിരഞ്ഞെടുപ്പ്

ബഡ്‌ജറ്ര്: സി.ജെ. ജോർജ്

എല്ലാ അർത്ഥത്തിലും ഇതൊരു തിരഞ്ഞെടുപ്പ് ബഡ്‌ജറ്രാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്‌ടർ സി.ജെ. ജോർജ് പറഞ്ഞു. ബഡ്‌ജറ്ര് എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്. അതേസമയം,​ ധനക്കമ്മി കൂടാതിരിക്കാൻ നികുതി വരുമാനത്തിൽ ശ്രദ്ധവേണം. തൊഴിലവസരങ്ങൾ ഉയർത്താനുള്ള നടപടികളില്ല എന്നതുമാത്രമാണ് ബഡ്‌ജറ്രിൽ നിരാശപ്പെടുത്തുന്ന ഘടകം.