തിരുവനന്തപുരം: സി.എം.പി സി.പി.എമ്മിൽ ലയിക്കുന്നു. ലയന സമ്മേളനം നാളെ കൊല്ലത്തു നടക്കും. സി.പി.എം നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സി.എം.പി നേതാക്കളായ എൻ.കെ. കണ്ണൻ, എം.എച്ച്. ഷാരിയർ, പാട്യംരാജൻ, അഡ്വ. ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ, എൻ. വിജയൻപിള്ള എം.എൽ.എ തുടങ്ങിയവർ ലയനസമ്മേളനത്തിൽ സംബന്ധിക്കുമെന്ന് സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. ജി. സുഗുണൻ പ്രസ്താവനയിൽ അറിയിച്ചു..
എം.വി. രാഘവന്റെ നേതൃത്വത്തിൽ സി.എം.പി രൂപീകൃതമായിട്ട് മൂന്നേകാൽ പതിറ്റാണ്ട് തികഞ്ഞു. സി.എം.പി രൂപീകരിച്ച കാലത്തെ കേരള രാഷ്ട്രീയമല്ല ഇപ്പോഴുള്ളത്.
ദേശീയ രാഷ്ട്രീയത്തിൽ ഇടത്-മതേതര ശക്തികളുടെ കടമകൾ അടിവരയിട്ട് ചൂണ്ടിക്കാട്ടുന്ന ഒന്നായിരുന്നു സി.എം.പി യുടെ കോട്ടയത്തു ചേർന്ന 9 -ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം. സാർവദേശീയ സാഹചര്യങ്ങൾ വിലയിരുത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും, കമ്മ്യൂണിസ്റ്റ് ഐക്യവും, കമ്മ്യൂണിസ്റ്റ് ഏകീകരണവും സാദ്ധ്യമാക്കേണ്ടതിന്റെയും പ്രാധാന്യം ഈ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലും, സംസ്ഥാന രാഷ്ട്രീയത്തിലും, മുഖ്യപാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും ഹിന്ദുകാർഡ് ഉയർത്തിപ്പിടിച്ചും ഹിന്ദുപ്രീണന നയം അംഗീകരിച്ചും മുന്നോട്ടുപോകുകയാണ്. സങ്കീർണമായ ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് വലിയ കടമകളുണ്ട്. ഈ കടമകൾ ഏറ്റെടുക്കാനും ഇടതുപക്ഷത്തെ നേർവഴിക്ക് നയിക്കാനും സി.പി.എമ്മിന് മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്തെ മുഖ്യ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് ഐക്യവും കമ്മ്യൂണിസ്റ്റ് ഏകീകരണവും സാദ്ധ്യമാക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കാൻ ഈ പാർട്ടിക്ക് കഴിയുമെന്നും വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണത്തിന് ലയനം നാന്ദി കുറിക്കുമെന്നും അഡ്വ. ജി. സുഗുണൻ പ്രസ്താവനയിൽ പറഞ്ഞു.