ഹാമിൽട്ടൺ: പുരുഷൻമാർക്ക് പിന്നാലെ ഇന്ത്യൻ വനിതകളും കിവികൾക്ക് മുന്നിൽ മുട്ടുമടക്കി. അതും പുരുഷ ടീം തോറ്ര അതേ മാർജിനിൽ. ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പുരുഷ ടീമിനെപ്പോലെ 8 വിക്കറ്റിനാണ് വനിതകളും കിവികളോട് തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ക്യാപ്‌ടൻ മിഥാലി രാജിന്റെ 200 -ാം ഏകദിന മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ 44 ഓവറിൽ 144 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 29.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (153/2). ഓപ്പണർ സൂസി ബെറ്റ്സിന്റെയും (57), ക്യാപ്ടൻ ആമി സാറ്റർത്ത്‌വൈറ്രിന്റെയും ( 66) അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് ന്യൂസിലൻഡ് അനായാസം വിജയലക്ഷ്യത്തിലെത്തിയത്. നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ അന്ന പാറ്രേഴ്സണും 3 വിക്കറ്റെടുത്ത ലിയ തഹുഹുവും 2 വിക്കറ്രെടുത്ത അമേലിയ കെറുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. 52 റൺസെടുത്ത ദിപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇരുന്നൂറാം ഏകദിനത്തിനിറങ്ങിയ മിഥാലിക്ക് 9 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.