ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയിലൂടെ നടപ്പു സാമ്പത്തിക വർഷം 80,000 കോടി രൂപ സമാഹരിക്കുകയെന്ന കഴിഞ്ഞ ബഡ്‌ജറ്റിലെ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. മൊത്തം 13 ലക്ഷം കോടി രൂപ മൂല്യമുള്ള 57 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ലിസ്‌റ്ര് ചെയ്‌തു കഴിഞ്ഞു. 2018-19ൽ ഇതുവരെ പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ നേടിയത് 35,100 കോടി രൂപയാണ്.
റൈറ്ര്‌സ്, ഇർകോൺ ഇന്റർനാഷണൽ, ഗാർഡൻ റിസർച്ച് ഷിപ്പ് ബിൽഡേഴ്‌സ് എന്നിവ നടപ്പുവർഷം പ്രാരംഭ ഓഹരി വില്‌പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 17,000 കോടി രൂപയാണ് സി.പി.എസ്.ഇ ഇ.ടി.എഫിലൂടെ സമാഹരിച്ചത്. ഭാരത്-22 ഇ.ടി.എഫിലൂടെ 8,300 കോടി രൂപയും ലഭിച്ചു. ഭെൽ, കൊച്ചി കപ്പൽശാല, നാൽകോ, എൻ.എൽ.സി ഇന്ത്യ എന്നിവ ഓഹരി തിരിച്ചുവാങ്ങാനും നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ ഒരുലക്ഷം കോടി രൂപയാണ് സർക്കാർ നേടിയത്.