പാലക്കാട്: കഞ്ചാവുമായി പിടിയിയലായ സംഘപ്രവർത്തകനോട് കെെയിലെ രാഖി പൊട്ടിക്കാൻ മറ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ആറ് ലക്ഷത്തോളം രൂപ വരുന്ന ആറു കിലോ കഞ്ചാവുമായാണ് ആർ.എസ്.എസ് പ്രവർത്തകർ പിടിയിലായത്. വാളയാർ ടോൾ പ്ളാസയിൽ വച്ച് എക്‌സൈസ് സംഘമാണ് കഞ്ചാവുമായി പോകുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകരെ ഒരു കിലോമീറ്ററോളം ദൂരം പിന്തുടർന്ന് പിടിച്ചത്. വിഷ്‌ണു, അലോക്, ജിനോ പോൾ എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇതിനിടയാലാണ് ഇവരുടെ സ്വകാര്യ സംഭാഷണം വീഡിയോയിൽ പതിഞ്ഞത്. പിടിയിലായ ആർ.എസ്.എസുകാരനോട് മറ്റൊരു പ്രവർത്തകൻ രാഖി പൊട്ടിക്കാൻ പറയുന്നു. അത് വ്യക്തമായി കേൽക്കാത്തത് കൊണ്ട് വീണ്ടും പറയുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. പ്രതികളെ വിലങ്ങ് വച്ച് കൊണ്ടുവരുമ്പോഴാണ് യുവാവിന്റെ കെെയ്യിലെ രാഖി ശ്രദ്ധയിൽ പെട്ടത്. ഇതോടെ രാഖി പൊട്ടിക്കാൻ ആർ.എസ്.എസുകാരൻ അവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ അയാളത് മറച്ചുപിടിക്കുന്നതും വീഡിയോയിൽ കാണാം.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.പി സുമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.