ന്യൂഡൽഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി വർദ്ധിച്ചെന്ന ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടിന് പകരം കേന്ദ്രസർക്കാർ പുതിയ സർവേഫലം പുറത്തിറക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ് ആണ് ഇത് സംബന്ധിച്ച് പുതിയ സർവേയെക്കുറിച്ച് അറിയിച്ചത്. തൊഴിൽ സാദ്ധ്യത വർദ്ധിച്ചതായി പുതിയ റിപ്പോർട്ടിലുണ്ടാകുമെന്നും ദെബ്രോയ് പറഞ്ഞു.
ബിസിനസ്, തൊഴിൽ എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് പകുതി ഉത്തരവാദിത്വം മാത്രമാണുള്ളതെന്നും ബാക്കി സംസ്ഥാനങ്ങളുടെ ബാദ്ധ്യതയാണെന്നും ദെബ്രോയ് പറഞ്ഞു.
'എന്നാൽ പുതിയ സംരഭങ്ങൾ തുടങ്ങാനും ബിസിനസിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും കേന്ദ്ര സർക്കാരിന് കഴിയും. സ്വയംതൊഴിലിനുള്ള സാഹചര്യം ഉണ്ടാക്കുക വഴി അതു തന്നെയാണ് മോദി സർക്കാർ ചെയ്യുന്നതും'- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പുറത്തുവിട്ട ദേശീയ സാമ്പിൾ സർവേ അനുസരിച്ച് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തുണ്ടായത്. 2017-18 വർഷത്തിൽ 6.1 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് ഉയർന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇക്കാരണം കൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ മോദി സർക്കാർ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തൽ. റിപ്പോർട്ട് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര സമിതിയിലെ പി.സി. മോഹനനടക്കമുള്ള രണ്ട് സ്വതന്ത്ര അംഗങ്ങൾ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.