മുംബയ് : കുടിശ്ശിക തിരിച്ചടയ്ക്കാൻ പണമില്ലെന്ന് കാണിച്ച് പാപ്പർ അപേക്ഷ നൽകാൻ ഒരുങ്ങി അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ്. കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാൻ പണമില്ലെന്നും പാപ്പർ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും കമ്പനി വ്യക്തമാക്കിയത്.
കഴിഞ്ഞ സെപ്തംബറിൽ ടെലികോം രംഗത്ത് നിന്ന് പൂർണമായും പിൻമാറാനും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. 2017 ജൂൺ രണ്ടിന് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടർന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. 18 മാസം കഴിഞ്ഞിട്ടും കമ്പനിക്ക് ലാഭമുണ്ടാകാതിരുന്നതിനെ തുടർന്നാണ് പാപ്പർ നടപടികളിലേക്ക് കടക്കുന്നതെന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ ടെലികോം നിരക്കുകൾ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ്. എന്നാൽ സഹോദരൻ മുകേഷ് അംബാനിയുടെ ജിയോ മൊബൈലിന്റെ വരവോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് വൻ തകർച്ചയെ നേരിടുകയായിരുന്നു.