അബുദാബി: നാലുതവണ ചാമ്പ്യൻമാരായ ജപ്പാനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്ത് ഖത്തർ കന്നി ഏഷ്യൻ കിരിടം സ്വന്തമാക്കി. അൽമോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകൾ നേടിയത്. തകുമി മിനാമിനോയാണ് ജപ്പാന്റെ ഏകഗോൾ നേടിയത്.
12ാം മിനിറ്റിൽ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ അൽമോസ് ഖത്തറിനെ മുന്നിലെത്തിച്ചു. 27ാം മിനിറ്റിൽ ഖത്തർ ഒരിക്കൽകൂടി ലീഡ് നേടി. ബോക്‌സിന് പുറത്ത് ഹതേം ഇടങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിൽ പതിക്കുകയായിരുന്നു.
69ാം മിനിട്ടിൽ തകുമി മിനാമിനോ ജപ്പാന്റെ ഒരുഗോൾ തിരിച്ചടിച്ചു. 83ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി അഫിഫ് ഖത്തറിന് കിരീടമുറപ്പിച്ചു.
ഇന്നത്തെ ഗോളിലൂടെ ടൂർണമെന്റിൽ ഒമ്പത് ഗോളുകൾ തികച്ച അൽമോയിസ് അലി ഏറ്റവും കൂടുതൽ ഗോളുകളടിച്ച താരവുമായി.
ആറു കളികളിൽ സ്വന്തം വലയനക്കാതെ 16 ഗോൾ സമ്പാദ്യവുമായി എത്തിയ ഖത്തറായിരുന്നു ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയത്. മൂന്നു ഗോൾ വഴങ്ങി 11 ഗോൾനേട്ടത്തിലായിരുന്നു ജപ്പാൻ കലാശപ്പോരിനെത്തിയത്.