ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയെ പിടികൂടിയത് ഇന്ത്യൻ ചാരസംഘടനയായ റോയും ഇന്റലിജന്റ്സ് ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. സെനഗലിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകൾ പിന്തുടർന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്ക്കും കുട്ടികൾക്കൊപ്പവും ആന്റണി ഫെർണാണ്ടസ് എന്ന പേരിലാണ് ഒളിവിൽ കഴിഞ്ഞത്. ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ താമസിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി.
അതീവ രഹസ്യമായാണ് റോ രവി പൂജാരിയെ നിരീക്ഷിച്ചത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വെച്ച് നടന്ന സായുധ സേനയുടെ ഒാപ്പറേഷനിലൂടെയാണ് രവി പൂജാരിയെ പിടികൂടിയത്. ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ മാസം പത്തൊമ്പതിനാണ് പൂജാരി അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇന്ത്യയിൽ നിരവധി കേസുകൾ നിലനിൽക്കുന്നതിനാലാണ് ഇന്ത്യയ്ക്ക് വിട്ടുനൽകുന്നത്.
രാജ്യത്ത് എഴുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി. കൊച്ചിയിൽ നടിയുടെ ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർക്കുകയും ഭീഷണിപ്പെടുത്തിയതോടെയുമാണ് രവി പൂജാരി വീണ്ടും മാദ്ധ്യമ ശ്രദ്ധ നേടിയത്. മനുഷ്യക്കടത്ത് അടക്കം നിരവധി കേസുകളിൽ മുംബയ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് പൂജാരി. ബോളിവുഡ് താരങ്ങളും പൂജാരിക്ക് എതിരെ പരാതിയുമായി വന്നിരുന്നു.