central-budget

ന്യൂഡൽഹി: ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് പിയൂഷ് ഗോയൽ തന്റെ കന്നി ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഒന്നര മണിക്കൂർ, ഒരൊറ്റ നിൽപ്, നാലു ഗ്ളാസ് വെള്ളം- പിയൂഷ് ഗോയലിന്റെ കന്നിബഡ്ജറ്റ് പ്രസംഗം ശുഭം.

ഗോയലിന് വെള്ളം നൽകി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അടുത്തുണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ അരുൺ ജയ്‌റ്റ്ലി നിന്നും ഇരുന്നും പ്രസംഗിച്ചപ്പോൾ ഗോയൽ ഒറ്റ നിൽപ്പിൽ ബഡ്ജറ്റ് തീർത്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബഡ്‌ജറ്റ് അവതരണത്തെ കമന്റടിച്ചും പരിഹസിച്ചും പ്രതിപക്ഷം എതിരേറ്റപ്പോൾ ആദായ നികുതി അടക്കമുള്ള വൻ പ്രഖ്യാപനങ്ങളെ ട്രഷറി ബെഞ്ച് കൈയടിയോടെ സ്വാഗതം ചെയ്‌‌തു. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലേറെയും നാലര വർഷത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവരിച്ചു. അട്ടഹസിച്ചും കമന്റുകൾ പറഞ്ഞും പ്രതിപക്ഷാംഗങ്ങൾ മറുപടിയും നൽകി. ഡെഡ്‌കിൽ കൈയടിച്ച് ഭരണപക്ഷം മറികടന്നു. കള്ളപ്പണ വേട്ടയെക്കുറിച്ചുള്ള കണക്കുകൾ പോസ്‌റ്ററുകൾ ഉയർത്തി പ്രതിപക്ഷം എതിർത്തു. അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോഴുള്ള ഭരണപക്ഷത്തിന്റെ ജയ്‌വിളിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുചേർന്നു. പുട്ടിന് തേങ്ങ പോലെ കവിതകളോ ഉദ്ധരണികളോ ഇല്ലാത്ത റിപ്പോർട്ടിന് 'ഒരു പടി വയ്‌ക്കുമ്പോൾ ആയിരം വഴികൾ തുറക്കുന്നു' എന്നർത്ഥമുള്ള മാറാഠി കവിതയോടെ തിരശീല വീണു.