asian-cup

ദുബായ്:എ.എഫ്.സി ഏഷ്യൻ കപ്പിൽ ചരിത്രത്തിലാദ്യമായി ഖത്തർ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലിൽ അഞ്ചാം കിരീടം തേടിയിറങ്ങിയ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഖത്തർ ഏഷ്യയിലെ പുത്തൻ ഫുട്ബാൾ രാജാക്കൻമാരായത്.അൽമോയസ് അലി,അബ്ദുൾ അസീസ് ഹത്തേം, പെനാൽറ്രിയിൽ നിന്ന് അക്രം അഫിഫ് എന്നിവരാണ് ഖത്തറിനായി സ്കോർ ചെയ്തത്. തകുമി മിനാമിനോയാണ് ജപ്പാന്റെ ഗോൾ സ്കോറർ. ടൂർണമെന്റിലാകെ 9 ഗോളുകൾ നേടിയ ഖത്തറിന്റെ അൽമോയസ് അലിയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ഒരു ഏഷ്യൻ കപ്പിൽ ഏറ്രവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കാഡും അലി സ്വന്തമാക്കി. ഇറാന്റെ ഇതിഹാസ താരം അലി ദേയി 1996ൽ നേടിയ 8 ഗോളിന്റെ റെക്കാഡാണ് അലി പഴങ്കഥയാക്കിയത്. 2022ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് ഈ കിരീടം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിലും ഖത്തർ കളിക്കുന്നുണ്ട്.