ന്യൂഡൽഹി: കർഷകർക്ക് വർഷത്തിൽ ആറായിരം രൂപ നേരിട്ട് അക്കൗണ്ടുകളിലേക്ക് നൽകുന്ന ബഡ്‌ജറ്റ് തട്ടിപ്പെന്ന് ആരോപിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. അധികാരത്തിലിരിക്കുമ്പോൾ കർഷകർക്കായി ഒന്നും ചെയ്യാത്ത പ്രതിപക്ഷപാർട്ടികൾ ഇപ്പോൾ സർക്കാരിന് വേണ്ടി പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്ന് ജയ്‍റ്റ്‍ലി ആരോപിച്ചു.
ചികിത്സയ്ക്കായി ഇപ്പോൾ ന്യൂയോർക്കിലുള്ള അരുൺ ജയ്‍റ്റ്‍ലി വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കർഷകരുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിന്റെ മാത്രമല്ല. കേന്ദ്രസർക്കാർ നൽകിയ സാമ്പത്തിക സഹായത്തിനൊപ്പം സംസ്ഥാനങ്ങൾ കൂടി സഹായം നൽകണം. ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷപാർട്ടികൾ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ സഹായങ്ങൾ ഉറപ്പാക്കുമല്ലോയെന്നും ജയ്‍റ്റ്‍ലി ചോദിച്ചു.
കാർഷികകടം എഴുതിത്തള്ളുന്നത് കാർഷികപ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല. സാമ്പത്തികമായി അവരെ സഹായിക്കുന്ന ഒരു ബജറ്റാണ് വേണ്ടതെന്നും ജയ്‍റ്റ്‍ലി ആവർത്തിച്ചു. കാർഷികരോഷം ഇരമ്പിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്ധ്യപ്രദേശുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് കാലിടറിയ സാഹചര്യത്തിലാണ് പുതിയ ബഡ്‌ജറ്റിൽ കർഷകർക്കായി കേന്ദ്രസർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തിയത്.