തിരുവനന്തപുരം : നഗരത്തിന്റെ മാലിന്യത്തിൽ കളങ്കപ്പെട്ട കിള്ളിയാറിനെ തിരികെപ്പിടിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മെഗാ ക്ലീനിംഗ് 27ന് രാവിലെ എട്ടിന് നടക്കും. നേരത്തേ രണ്ട് തവണ നിശ്ചയിച്ചെങ്കിലും നടന്നിരുന്നില്ല. 25000 പേർ ഒരേസമയം പങ്കാളിയാകുന്ന ശുചീകരണത്തിലൂടെ ഗിന്നസ് റെക്കാഡും നഗരസഭ ലക്ഷ്യമിടുന്നു. പ്രദേശവാസികളുടെ സഹകരണവും ഉറപ്പാക്കും. വഴയില മുതൽ തിരുവല്ലം വരെയുള്ള 13.5 കിലോമീറ്ററാണ് വൃത്തിയാക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി കിള്ളിയാർ സിറ്റി മിഷൻ സംഘാടകസമിതി ചെയർമാൻ വഞ്ചിയൂർ പി. ബാബു പറഞ്ഞു.
യന്ത്രങ്ങളുപയോഗിച്ചുള്ള ശുചീകരണം 14 മുതൽ 16 വരെ നടക്കും. മണ്ണുമാന്തി ഉപയോഗിക്കാൻ കഴിയുന്ന ഇടങ്ങളിൽ മാത്രമാണ് ഇത് സാദ്ധ്യമാകുന്നത്. സന്നദ്ധപ്രവർത്തനത്തിന് എത്തുന്നവർക്ക് സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ പൊതിച്ചോറെത്തിക്കും. പ്രഭാത ഭക്ഷണം നഗരസഭ നൽകും. കിള്ളിയാർ സിറ്റി മിഷന്റെ ആദ്യ ഘട്ടം മെഗാക്ലീനിംഗോടെ പൂർത്തിയാവും. രണ്ടാം ഘട്ടത്തിൽ തുടർപരിപാലനം വൻകിട കമ്പനികളുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ആലോചിക്കുന്നത്. കമ്പനികളുടെ സി.എസ്.ആർ തുക കിള്ളിയാർ സംരക്ഷണത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. മാലിന്യം തള്ളുന്നത് തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും. കടവുകൾ നിർമ്മിക്കാനും നഗരസഭ ലക്ഷ്യമിടുന്നു. സെപ്തംബറിൽ നടത്താനിരുന്ന മഹാശുചീകരണം പ്രളയത്തെ തുടർന്നാണ് മാറ്റിവച്ചത്. തുടർന്ന് ഡിസംബറിൽ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ കക്ഷിനേതാക്കൾ അസൗകര്യം അറിയിച്ചതിനാൽ അതും മാറ്റിവച്ചു.
ശുചീകരണം 54 ഭാഗങ്ങളിൽ,ചുമതല കൗൺസിലർമാർക്ക്
കിള്ളിയാറിന്റെ വഴയില മുതൽ കല്ലടിമുഖം വരെയുള്ള 13.5 കിലോമീറ്റർ ദൂരത്തെ ഇരുകരകളും ഒരേസമയം ശുചീകരിക്കും. അരകിലോമീറ്റർ വീതം ഭാഗിച്ച് ഓരോ കൗൺസിലർമാരുടെ മേൽനോട്ടത്തിലാണ് ശുചീകരണം. നഗരസഭയുടെ ഒമ്പത് ഹെൽത്ത് സർക്കിളുകളുടെ ചുമതല സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും പാർലമെന്ററി പാർട്ടി നേതാക്കൾക്കും നൽകും. മാലിന്യം കൂടുതലുള്ള ഇരുകരകളിലെയും സ്ഥലങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്. കിള്ളിയാർ കടന്നു പോകുന്ന പരിധിയിലെ ഹെൽത്ത് സർക്കിളുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ സർവേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
ശാസ്ത്രീയമായി കിള്ളിയാറിനെ ശുചീകരിക്കുകയാണ് ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ശുചീകരണത്തിനും, അതിനുശേഷം കിള്ളിയാർ വീണ്ടും മാലിന്യ വാഹിനിയാകാതിരിക്കാനും നഗരവാസികളുടെ സഹകരണം ആവശ്യമാണ്.
- വി.കെ. പ്രശാന്ത്, (മേയർ)