തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക വീഥിയായ മാനവീയത്തിൽ സാംസ്കാരിക വകുപ്പും നഗരസഭയും സംയുക്തമായി സാംസ്കാരികോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. മാർച്ച് 4 മുതൽ ഒരാഴ്ച നീളുന്ന ഉത്സവത്തിനായി അൻപത് ലക്ഷം രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. പ്രധാനമായും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ കൂടി ഉൾപ്പെടുത്തിയൊരു പദ്ധതി തയ്യാറാക്കുന്നതിനായുള്ള സംഘാടക സമിതി യോഗം 4ന് നഗരസഭയിൽ മേയറുടെ നേതൃത്വത്തിൽ നടക്കും. ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിൽ മാത്രം ഉണർന്നിരുന്ന മാനവീയം വീഥിയെ സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നെടുക്കും വിധമുള്ള പൊതുയിടമാക്കി മാറ്റാനുള്ള ആദ്യപടിയാണ് ഈ സാംസ്കാരികോത്സവം.
പരിപാടി ഇപ്രകാരം
പ്രളയബാധിത പ്രദേശങ്ങളിലെ കലാകാരന്മാർക്ക് പരിഗണന നൽകിക്കൊണ്ടുള്ള പരിപാടികൾക്കാണ് നിലവിൽ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ബഡ്ജറ്റിൽ മാനവീയത്തിനായി അനുവദിച്ച പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡ് പൂർണമായും അടച്ച് രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്നതാണ് പരിപാടികൾ. മാനവീയം പുസ്തകോത്സവം, സെമിനാറുകൾ, പുസ്തകപ്രകാശനങ്ങൾ, സാഹിത്യ ചർച്ചകൾ, ശില്പശാലകൾ, മാജിക്, സൈക്കിൾ അഭ്യാസം, ശില്പ നിർമ്മാണം, ലൈവ് കാരിക്കേച്ചർ, കരകൗശല മേള, നാടൻ കലാമേള, നാടകോത്സവം, സംഗീത - നൃത്ത പരിപാടികൾ, ചലച്ചിത്രമേള തുടങ്ങി ഒരു ചെറിയ ബിനാലെ തന്നെ അരങ്ങേറും മാനവീയത്തിൽ.
മാനവീയത്തിൽ ആദ്യമായെത്തുന്ന സർക്കാർ പരിപാടി
തിരുവനന്തപുരത്തെ സാംസ്കാരിക ഇടനാഴിയായ വെള്ളയമ്പലം മാനവീയം വീഥിയിൽ കലാ-സാംസ്കാരിക മുന്നേറ്റങ്ങൾക്ക് ജീവൻ വച്ചിട്ട് കാൽ നൂറ്റാണ്ടാകുന്നു. ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ് തലസ്ഥാനത്തൊരു സാംസ്കാരിക വീഥിയെന്ന ആശയം ആദ്യമായെത്തുന്നത്. മാനവീയത്തെ അതിനായി തിരഞ്ഞെടുത്തു. ഇന്ന് മാനവീയത്തിന്റെ നാഥന്മാരിൽ ഒരാളായ രഘൂത്തമൻ രൂപീകരണകമ്മിറ്റിയിലെ പ്രമുഖനായിരുന്നു. 2001 ഏപ്രിലിലാണ് മാനവീയം സജീവമാകുന്നത്. നാടകം, പാട്ട്, നൃത്തം, കവിതകൾ തുടങ്ങിയ വിദേശ സ്വദേശ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മാനവീയത്ത് തിരിതെളിഞ്ഞു. അതിന് ശേഷം എല്ലാ ഞായറാഴ്ചകളിലും മാനവീയം കാൽച്ചിലമ്പണിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് വരെ ചെറിയൊരു ഉത്സവപ്പറമ്പായി മാറും ഇവിടം. വർണം ചാലിച്ച മതിലുകളുണ്ടായി.
നീർമാതളത്തെ പ്രണയിച്ച എഴുത്തുകാരി മാധവിക്കുട്ടിയുടെ ഓർമയ്ക്കായി നീർമാതളം നട്ടു. പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദിക്കാനുള്ള പൊതുവേദികളൊരുങ്ങി. അങ്ങനെ അങ്ങനെ വിപ്ലവങ്ങളുടെ വേലിയേറ്റത്തിൽ പല പൊളിച്ചെഴുത്തുകളും മാനവീയത്തിൽ അരങ്ങേറി. ഓരോ ഞായറാഴ്ച പിരിയുമ്പോഴും അടുത്ത ആഴ്ച കാണാം എന്നത് ഇവരുടെ പ്രതീക്ഷയാണ്. നിഴലാട്ടം, തെരുവോരക്കൂട്ടം, അഭിനയ, ആപ്ട്, സൈക്കിൾ എംബസി, ട്രീവാക്ക്, ഇടം തുടങ്ങി പതിനഞ്ചോളം സംഘടനകളാണ് ഇവിടെ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കുന്നത്. പ്രകൃതിയെ അറിഞ്ഞുള്ള കലാപ്രവർത്തനത്തിന് പ്രമുഖരുടെ പിന്തുണയുമുണ്ടായിരുന്നു.
മൂന്ന് കോടിയുടെ സ ്മാർട്ട് സിറ്റി പദ്ധതി
സ ്മാർട്ട് സിറ്റിയുടെ ഭാഗമായി മാനവീയം വീഥി നവീകരിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ രണ്ട് വർഷം മുൻപ് മാനവീയത്തിലെ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് നൽകിയിരുന്നു. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ അർബൻ ഡെവലപ്മെന്റ് വിഭാഗം തലവൻ ഡോ. മനോജ് കിനിയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ, വയോജനങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാവുന്ന വിധമാകണം നവീകരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേജ്, ഗ്രീൻറൂം, ശബ്ദം, വെളിച്ചം എന്നിവയുടെ സംവിധാനം, ടോയ്ലെറ്റുകൾ, മഴ പെയ്താൽ കലാപ്രവർത്തനത്തിന് തടസമുണ്ടാകാത്ത താത്കാലിക സംവിധാനം, പരിപാടികൾ നടക്കുന്ന സമയത്ത് ഗതാഗതനിയന്ത്രണം എന്നിവ ഒരുക്കാൻ നിർദ്ദേശമുണ്ടായിരുന്നു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം. ചിത്രം വരയ്ക്കാനും പ്രദർശിപ്പിക്കാനും സൗകര്യമുണ്ടാകണം. കച്ചവട താത്പര്യം പിടിമുറുക്കരുതെന്നും രാഷ്ട്രീയപാർട്ടികളുടെ അരങ്ങാകരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങളും പുതുതായി ഉയരുന്ന അഭിപ്രായങ്ങളും പരിഗണിച്ച് സ്മാർട്ട് സിറ്റിയുടെ ഭാഗമായി 3 കോടിയുടെ ഫണ്ട് ചെലവഴിച്ച് മാനവീയത്തെ മിനുക്കുമെന്ന് ഉറപ്പ് നൽകിയാണ് അധികൃതർ പുതിയ പദ്ധതി തയ്യാറാക്കുന്നത്.