തിരുവനന്തപുരം : കരിയിലകൾ കൊണ്ടു പുതയിട്ട മൺതടത്തിൽ വളർന്നു നിൽക്കുന്ന പാവൽ വള്ളികൾ, ജൈവ വളമിട്ട് വളക്കൂറുണ്ടാക്കിയ മണ്ണ്, കടുത്ത ഉച്ചവെയിലിലും നനവുമാറാത്ത മൺതടം, അതിനു ചുറ്റും ഒരാളിന് നടന്നുപോകാൻ കഴിയുന്ന ഉയരത്തിൽ കെട്ടിയുണ്ടാക്കിയ പന്തൽ, അതിന്മേൽ ഇടതൂർന്നു പടർന്നുകായ്ച്ചു കിടക്കുന്ന പാവൽ വള്ളികൾ...
ഇതാണ് ആനയറ വേൾഡ് മാർക്കറ്റ് പരിസരത്തെ ജൈവ കൃഷിയുടെ നേർക്കാഴ്ച. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്തായി ഒരുക്കിയിട്ടുള്ള ഇരുപത് സെന്റ് സ്ഥലത്താണ് പച്ചക്കറി വിളകൾ വളർന്നു പരിലസിച്ചു നിൽക്കുന്നത്. ഒരുമാസം മുൻപ് കൃഷി തുടങ്ങിയ പാവൽ ഇപ്പോൾ അഞ്ചു തവണകളായുള്ള വിളവെടുപ്പുകളിലൂടെ 334 കിലോ ആദായമാണ് ലഭിച്ചത്. ഇനിയും വിളവെടുക്കാൻ കഴിയുമെന്നും ഓരോ തവണയും ഇരട്ടിയിലേറെ വിളവ് ലഭിക്കുമെന്നും സെക്രട്ടറി ബൈജു എസ്. സൈമൺ പറയുന്നു.
കാട്ടുചെടിയിൽ നിന്നു ഹരിത സമൃദ്ധിയിലേക്ക്
മൂന്നേക്കറിലധികം വിസ്തൃതിയുള്ളതാണ് ആനയറ അന്താരാഷ്ട്ര മാർക്കറ്റ് പരിസരം. ഇവിടെ വിപണന സ്റ്റാളുകൾ നിരവധിയുണ്ട്. ഇതിന് പുറമേയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ദിരവും അനുബന്ധ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്.
ഇതിനിടയിലുള്ള പരിസരം ഏറെനാൾ തരിശായി കിടക്കുകയായിരുന്നതിനാൽ കാടുപിടിച്ച് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ആവാസകേന്ദ്രമായി മാറി. ഇതിൽ നിന്ന് മോചനം വേണമെന്ന തീരുമാനമാണ് ഇത്തരത്തിലൊരു ജൈവ കൃഷിയിടത്തിന്റെ പിറവിക്ക് പിന്നിൽ. ഒരു സർക്കാർ ഓഫീസിന്റെ പരിസരം വൃത്തിയാക്കുക എന്നത് ക്ലേശകരമായ കാര്യമാണ്. ഇത്തരമൊരു അവസ്ഥയിൽ നിന്നാണ് മാർക്കറ്റ് പരിസരം ഇപ്പോൾ ഹരിത വൃന്ദാവനമായി മാറിയത്.
കച്ചവടത്തിനും സാദ്ധ്യത
കാർഷിക വിളകൾ വിൽക്കാനുള്ള സൗകര്യമൊരുക്കുന്ന അന്താരാഷ്ട്ര മാർക്കറ്റിൽ ഇവിടെ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് മറ്റൊരു മാർക്കറ്റ് തേടേണ്ട ആവശ്യമില്ല. പച്ചക്കറി കൃഷി എന്ന ആശയം ജില്ലാ കളക്ടർ ചെയർമാനായ കമ്മിറ്റിയിൽ സെക്രട്ടറി ബൈജു എസ്. സൈമൺ വിശദീകരിച്ചു. തുടക്കത്തിൽ ഒരു ആശങ്ക ഉണ്ടായിരുന്നെങ്കിലും പൂർണ ചുമതല സെക്രട്ടറിയെത്തന്നെ കമ്മിറ്റി ഏല്പിക്കുകയും ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കാർഷിക രംഗത്ത് അറിവും സ്വന്തമായി കൃഷി ചെയ്യുന്നതുമായ ഒരാളുണ്ടെങ്കിൽ കൃഷിപ്പണി നന്നായി നടത്താൻ കഴിയുമെന്ന തിരിച്ചറിവിൽ അത്തരമൊരു ആളിന് വേണ്ടി അന്വേഷണം തുടങ്ങി. അങ്ങനെയാണ് മുൻപ് അഗ്രിഫാമിൽ കാർഷിക പണി ചെയ്തിരുന്ന ജി. ഇസ്രായേൽ എന്ന കർഷകനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വരവോടെ തരിശായിക്കിടന്ന സ്ഥലമെല്ലാം ഒരുക്കിയെടുത്ത് ഓരോ വിളകളായി നട്ടുപിടിപ്പിച്ചു. വാഴ, പാവൽ, വെണ്ട, വഴുതന, കത്തിരി, പയർ തുടങ്ങി ഓരോ ഇനം വിളകൾ ഓരോ സീസണിലും കൃഷിയിറക്കി. എല്ലവർഷവും മികച്ച ലാഭമാണുണ്ടായത്. ജൈവ ഉത്പന്നങ്ങളായതിനാൽ കൂടുതൽ സ്വീകാര്യതയും ലഭിച്ചു.
ജനകീയമാക്കാൻ...
കൃഷി കൂടുതൽ ജനകീയമാക്കാൻ ഇപ്പോൾ ഹരിത വിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തി ചെടിച്ചട്ടിയിൽ പച്ചക്കറി നട്ടുവിൽക്കുന്നുണ്ട്. കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കിവരികയാണ്. കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കാൻ നൂതന പദ്ധതികളുമായി മുന്നേറുകയാണ് ആനയറ വേൾഡ് മാർക്കറ്റ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി.
വിലവിവരം
ഗ്രോബാഗ് -13 രൂപയ്ക്ക്
മണ്ണും ജൈവവളവും നിറച്ച ഗ്രോബാഗിന് -60 രൂപ
വിളവെടുപ്പിന് പാകമായ പച്ചക്കറി ചെടിയുള്ള ബാഗിന് -80 രൂപ