ഉള്ളൂർ: കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പോങ്ങുംമൂട് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. ശ്രീകാര്യം, മുട്ടംപറമ്പ്, കട്ടേല, സുവർണഗിരി, തൈയ്ക്കാട്ടുകോണം, ആലപ്പുറം എന്നിവിടങ്ങളിലെ മുന്നൂറോളം വീടുകളിൽ കഴിഞ്ഞ രണ്ട് മാസമായി കുടിവെള്ളം കിട്ടാതായതോടെയാണ് കൗൺസിലർ അലത്തറ അനിൽകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നതിനെക്കുറിച്ച് വാട്ടർഅതോറിട്ടി അധികൃതർക്ക് ഇവർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല.
മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കുടിവെള്ളം മുടക്കമില്ലാതെ ലഭിക്കുന്നതിനുള്ള ഉറപ്പ് കിട്ടിയാൽ മാത്രമേ പിരിഞ്ഞ് പോകുകയുള്ളുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചീഫ് എൻജിനിയർ ശ്രീകുമാർ സ്ഥലത്തെത്തി. കൗൺസിലറുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അരുവിക്കരയിൽ നിന്നുള്ള കുടിവെള്ളത്തിന്റെ കുറവ് കാരണം വെള്ളത്തിന്റെ മർദ്ദം കുറവായതിനാൽ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.