തിരുവനന്തപുരം: ഒരു കുടക്കീഴിൽ വേണ്ടതെല്ലാം, കൂടാതെ മാർക്കറ്റിൽ സുലഭമല്ലാത്ത നിരവധി ഉത്പന്നങ്ങളും, ഈ കാരണം കൊണ്ടാണ് മേളകൾ ഏതു വിഭാഗത്തിലുള്ളവർക്കും പ്രിയപ്പെട്ടതാകുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വി.ജെ.ടി ഹാളിൽ ആരംഭിച്ച ചെറുകിട വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയിലും വ്യത്യസ്തമല്ല സ്ഥിതി. നിരവധി ഉത്പന്നങ്ങളാണ് ആവശ്യക്കാരെ കാത്ത് മേളയിലുള്ളത്. മരത്തിൽ നിർമ്മിച്ച മെഴുകുതിരി സ്റ്റാൻഡ് മുതൽ വലിയ പ്രതിമകൾ വരെ, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, പേപ്പർ ബാഗുകൾ, പെയിന്റിംഗ്സ്, ഫുഡ് ഐറ്റംസ്, അച്ചാറുകൾ, മൺപാത്രങ്ങൾ, സോപ്പ് തുടങ്ങി കൗതുകമുണർത്തുന്ന ഉത്പന്നങ്ങൾ പ്രദർശനത്തിനുണ്ട്. ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
മരം കൊണ്ടുണ്ടാക്കിയ മെതിയടിയും നിലവിളക്കും പാത്രങ്ങളുമാണ് നെയ്യാറ്റിൻകരയിൽ നിന്നു വന്ന ജയകുമാറിന്റെ സ്റ്റാളിനെ
വ്യത്യസ്തമാക്കുന്നത്. മേള ഉദ്ഘാടനം ചെയ്ത മന്ത്രി ഇ.പി. ജയരാജന് മരം കൊണ്ട് നിർമ്മിച്ച പ്രതിമ സമ്മാനിച്ചിരുന്നു ഇദ്ദേഹം. മരത്തിൽ വിവിധ രൂപങ്ങൾ കൊത്തിയുണ്ടാക്കുന്ന ജയകുമാർ 10 വർഷമായി വ്യവസായ വകുപ്പിന്റെ എല്ലാ മേളകളിലും പങ്കെടുക്കുന്നുണ്ട്. കൈമനത്ത് നിന്നു വന്ന ബിന്ദുവിന്റെ പെയിന്റിംഗ്സാണ് മേളയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മ്യൂറൽ, ഓയിൽ പെയിന്റിംഗുകൾക്ക് പുറമേ ചായപ്പൊടിയിലും കാപ്പിപ്പൊടിയിലും വരെ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ കലാകാരി. പെയിന്റിംഗ്സിൽ മാത്രമല്ല മ്യൂറൽ പെയിന്റിംഗ് ചെയ്തിട്ടുള്ള വസ്ത്രങ്ങൾ, തയ്യൽ, പാചകം തുടങ്ങിയവയിൽ പരിശീലനം എന്നിവയും ഒരുക്കുന്നുണ്ട് ഹാന്റിക്ക് എന്ന പേരിൽ ഇവർ നടത്തുന്ന സ്ഥാപനം.
100 രൂപ മുതൽ വില വരുന്ന കുട്ടികൾക്കുള്ള വസ്ത്രങ്ങളുമായി എത്തിയ മണക്കാട് കേന്ദ്രീകരിച്ചുള്ള പൈതൽ എന്ന ബ്രാൻഡ്, സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുകയും വീടുകളിൽ സ്ത്രീകൾക്ക് മുള കൊണ്ടുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ പരിശീലനം നൽകുകയും ചെയ്യുന്ന സേവ സംഘടനയുടെ സ്റ്റാൾ, വീട്ടിൽ തയ്യാറാക്കിയ പലഹാരപ്പൊടികൾ, 400 രൂപ വിലയിൽ ലഭിക്കുന്ന 'വികാസ്' ബ്രാൻഡ് ഷർട്ടുകൾ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുകിട ഉത്പാദകർ നിർമ്മിച്ച സാധനങ്ങളുടെ വൻ ശേഖരമാണ് മേളയിലുള്ളത്. ജനുവരി 31ന് മന്ത്രി ജയരാജനാണ് മേള ഉദ്ഘാടനം ചെയ്തത്. 4ന് മേള അവസാനിക്കും. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.
മേള തുടങ്ങി 2 ദിവസം കഴിഞ്ഞിട്ടും വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇവിടെയെത്തുന്നത്. ആളുകൾ മേളയെപ്പറ്റി അറിഞ്ഞുവരുന്നതേയുള്ളൂ. ചെറുകിട വ്യവസായികൾക്ക് കിട്ടുന്ന വലിയ അവസരമാണ് ഇത്തരം മേളകൾ. അത് ആളുകളിൽ എത്തിയില്ലെങ്കിൽ കഷ്ടമാണ്.
- ജയകുമാർ, (ചെറുകിട ഉത്പാദകൻ)