തിരുവനന്തപുരം: ചുമരിലും മതിലിലും കാർട്ടൂൺ കഥാപാത്രങ്ങളും നിറമുള്ള ചിത്രങ്ങളും, കളിക്കാൻ കളിപ്പാട്ടങ്ങൾ, ഊഞ്ഞാലുകൾ, മുറ്റത്തും പരിസരത്തും നിറയെ ചെടികളും മരങ്ങളും, ഇന്റർലോക്ക് ചെയ്ത നടപ്പാതകൾ....കണ്ടാൽ കുട്ടികൾക്കുള്ള പാർക്കല്ലെന്ന് ആരും പറയില്ല. ഇത് ഫോർട്ട് പൊലീസ് സ്റ്റേഷൻ. കാക്കിക്കുള്ളിലെ പാവം അങ്കിൾമാരെ കാണണമെങ്കിൽ ഇവിടെ വരാം. 2017 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ച അന്നു മുതൽ കേസും അറസ്റ്റും മാത്രമല്ല, കളിയും ചിരിയും കൂടി മുടങ്ങിയിട്ടില്ല ഈ സ്റ്റേഷനിൽ. അടുത്തിടെയായി ധാരാളം കുട്ടികൾ ഇവിടെയെത്തുന്നുണ്ടെന്ന് പറയുന്നു കുട്ടികളുടെ ഈ പൊലീസുകാർ.
ജില്ലയിലെ ഏക ശിശുസൗഹൃദ പൊലീസ് സ്റ്റേഷനാണ് ഫോർട്ട് പൊലീസ് സ്റ്റേഷൻ. കൊമ്പൻമീശയും ക്രൂരമായ നോട്ടവും കൈയിൽ ലാത്തിയും ഒക്കെയായി കാലാകാലങ്ങളായി കുട്ടികളെ പേടിപ്പിച്ച പ്രതിച്ഛായയിൽ നിന്നും കുട്ടികൾ ഇഷ്ടപ്പെടുന്ന പൊലീസ് മാമൻമാരായതിന്റെ സന്തോഷത്തിലാണ് ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാർ. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടുകയോ മറ്റു രീതിയിൽ നിയമങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുകയോ ചെയ്യുന്ന എല്ലാ കുട്ടികളെയും സ്റ്റേഷൻ അടിസ്ഥാനത്തിൽ കണ്ടെത്തുക എന്ന ലക്ഷ്യവും ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന ആശയത്തിന് പിന്നിലുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂളിൽ നിന്നു കുട്ടികൾ സമയം ചെലവഴിക്കാനായി ഇവിടെ എത്താറുണ്ട്. മുൻകൂട്ടി ആവശ്യപ്പെട്ടാൽ അവർക്കുവേണ്ടി ശിശു സംരക്ഷണ സമിതിയുമായി ചേർന്ന് കൗൺസലിംഗ് സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. എന്നാൽ പലപ്പോഴും ഈ സൗകര്യം സ്കൂളുകളും രക്ഷിതാക്കളും ഉപയോഗിക്കുന്നില്ലെന്ന് പറയുന്നു ശിശു സൗഹൃദ പാർക്കിന്റെ ചുമതല കൂടി വഹിക്കുന്ന എസ്.ഐ മഹേഷ്. കൂടുതലും വിനോദത്തിനായി മാത്രമാണ് കുട്ടികൾ എത്തുന്നത്. പാർക്കിൽ മാത്രം ഒതുങ്ങുന്നില്ല കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതികൾ. പഠനം പകുതിയാക്കി സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയ വിദ്യാർത്ഥികൾക്കും, കൃത്യമായി സ്കൂളിൽ എത്താത്ത കുട്ടികൾക്കുമായി ഇവരുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്താറുണ്ട്.
കൂടാതെ ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും കൗൺസലിംഗ് നൽകുന്നു. കോളനികളിൽ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും ബോധവത്കരണം നടത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. ഓരോ മാസവും ഓരോ വിഷയങ്ങൾ തിരഞ്ഞെടുത്താണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
പൊലീസും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. സ്കൂളുകളും രക്ഷിതാക്കളും കുട്ടികളും പൊതുജനങ്ങളും ഉൾപ്പെടുന്ന ഒരു ശൃംഖല ഒരുക്കിയാൽ തന്നെ കുട്ടികളുമായി ബന്ധപ്പെട്ട പല കേസുകളും നിയന്ത്രിക്കാൻ പറ്റും. മാസത്തിൽ 4-5 സ്കൂളിലെ കുട്ടികൾ പാർക്കിൽ സമയം ചെലവിടാനായി എത്തുന്നുണ്ട്. ഇങ്ങനൊരു സൗകര്യത്തെക്കുറിച്ച് ആളുകൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ പേർ ഇവിടെയെത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.
- മഹേഷ് .ടി (ഫോർട്ട് സ്റ്റേഷൻ എസ്.ഐ)