എറണാകുളത്ത് വീണ്ടും മെഗാ താര - യുവ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളുടെ ചിത്രീകരണത്തിരക്ക്.മമ്മൂട്ടിയുടെ മധുര രാജ, ദുൽഖർ സൽമാന്റെ ഒരു യമണ്ടൻ പ്രേമകഥ, ഫഹദ് ഫാസിലിന്റെ ട്രാൻസ്, നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളുടെ ചിത്രീകരണമാണ് എറണാകുളത്ത് പുരോഗമിക്കുന്നത്.
വൈശാഖ് - ഉദയകൃഷ്ണ ടീമൊരുക്കുന്ന മധുര രാജയുടെ ക്ളൈമാക്സ് രംഗങ്ങളാണ് ഇപ്പോൾ എറണാകുളത്ത് ചിത്രീകരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ജഗപതിബാബു, സലിംകുമാർ, നെടുമുടി വേണു, വിജയ രാഘവൻ, ജയ്, അനുശ്രീ, ഷംനാ കാസിം, മഹിമാ നമ്പ്യാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
സണ്ണി ലിയോൺ ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
വിഷുവിന് മധുര രാജ തിയേറ്ററുകളിലെത്തും.ദുൽഖറിന്റെ വിഷു ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയുടെ ചിത്രീകരണം ഫെബ്രുവരി ആറിന് എറണാകുളത്ത് പൂർത്തിയാകും.വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരുടെ രചനയിൽ നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനും നിഖിലാ വിമലുമാണ് നായികമാർ.
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന്റെ അവസാന ഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. നസ്രിയ നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദാണ്.
നയൻതാരയെയും നിവിൻപോളിയെയും നായികാ നായകന്മാരാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയാണ് എറണാകുളത്ത് പുരോഗമിക്കുന്ന മറ്റൊരു ചിത്രം.