police

തിരുവനന്തപുരം: സംസ്ഥാനത്തെ അച്ചടക്ക നടപടി നേരിടുന്ന 11 ഡി.വെെ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്‌ത്തി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. താൽകാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 53 ഡി.വൈ.എസ്.പിമാർക്കും 11 എ.എസ്‌‌.പിമാർക്കുമാണ് സ്ഥലംമാറ്റം. 12 പേരെ തരം താഴ്‌ത്താനായിരുന്നു ശുപാർശ. 26 സി.ഐ.മാർക്ക് ഡി.വൈ.എ‌സ്‌.പിമാരായി സ്ഥാനക്കയറ്റം നൽകി.

താൽക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്‌ത്തിയതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. പൊലീസിനുമേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്‌ത്താനുള്ള ശുപാർശ ലഭിക്കുന്നത്. വകുപ്പ്തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥർക്ക് ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സസ്‌പെൻഷനടക്കം ശിക്ഷാനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നത് തടയാൻ നിയമഭേദഗതി നിലവിൽവന്നിരുന്നു. ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരവും നൽകിയിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സർക്കാർ രണ്ടാഴ്‌ചയ്‌ക്ക് മുൻപ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.