ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. കർണാടക സർക്കാരിന്റെ പരിശ്രമത്തെ തുടർന്നാണ് സെനഗളിൽ നിന്ന് രവി പൂജാരിയെ പിടികൂടാൻ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലെ വെടിവെപ്പ് കേസിൽ രവി പൂജാരിയെ പ്രതി ചേർത്തു. കേസിലെ മൂന്നാം പ്രതിയാണ് രവി. ഇതു സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കർണാടക, മുംബയ് പൊലീസിന്റെ നടപടികൾക്ക് ശേഷമായിരിക്കും ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് നടത്തിയ അന്വേഷണത്തിലും പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
സെനഗളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകൾ പിന്തുടർന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ആന്റണി ഫെർണാണ്ടസ് എന്ന പേരിലാണ് ഒളിവിൽ കഴിഞ്ഞത്. ഇയാൾക്കെതിരെ ഇന്ത്യയിൽ നിരവധി കേസുകൾ നിലനിൽക്കുന്നതിനാലാണ് വിട്ടുനൽകുന്നത്.