rajnikanth

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ സീമൻ രംഗത്തെത്തി. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന 'മിഗ മിഗ അവസരം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് സീമൻ രജനിയെയും അദ്ദേഹത്തിന്റെ ആരാധകരയെയും വിമർശിച്ചത്.

രജനികാന്തിനെ നേതാവെന്ന് വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ളവരെ കൊല്ലുകയാണ് വേണ്ടതെന്നും സീമൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരെയാണ് നേതാവെന്ന് വിളിക്കേണ്ടത്. കുറച്ച് സിനിമകളിൽ അഭിനയിച്ചത് കൊണ്ട് നേതാവാകില്ല. സിനിമയിൽ അഭിനയിക്കുന്നവരെ നടന്മാരെന്ന് വിളിച്ചാൽ മതിയെന്നും 'നാം തമിഴർ' കക്ഷി നേതാവ് കൂടിയായ സീമൻ അഭിപ്രായപ്പെട്ടു.

തീയേറ്ററുകളിൽ മാത്രമാണ് നടന്മാർ നേതാക്കളാവുന്നത്. രജനികാന്തിനെ പോലെയുള്ളവരെ നേതാവെന്ന് വിളിച്ചാൽ കാമരാജിനെ പോലെയുല്ളവരെ സാമൂഹിക വിരുദ്ധരെന്ന് വിളിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ചാനലുകളിൽ പോലും അദ്ദേഹത്തെ തലൈവർ (നേതാവ് ) എന്നാണ് വിശേഷിപ്പിക്കുന്നത്. എന്ത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇങ്ങനെ വിളിച്ച് പിന്നാലെ നടക്കുന്നവരെ കൊല്ലുകയാണ് വേണ്ടത്. അല്ലെങ്കിൽ സ്വയം മരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജനികാന്ത് തമിഴ് വംശജനല്ല എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്നയാളാണ് സീമൻ.