kerala-university

അദ്ധ്യാപക സംഘടനയുടെ പരിപാടി പ്രമാണിച്ച് കേരള സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചതായി പരാതി. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ബി.എ,ബി.എസ്.സി,ബി.കോം മൂന്നാം സെമസ്റ്റർ പരീക്ഷയാണ് ഒരു കാരണവും പറയാതെ സർവ്വകലാശാല മാറ്റിയത്. എന്നാൽ ഇതേ ദിവസം പരീക്ഷ നടത്തിയാൽ പരിപാടിയിൽ പങ്കാളിത്തം കുറയുമെന്ന് ഭയന്നാണ് പരീക്ഷ മാറ്റിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഉറക്കമിളച്ച് പഠിക്കുമ്പോൾ ഇടത് നേതാക്കൾ പങ്കെടുക്കുന്ന പരിപാടി നിങ്ങളുടെ നാട്ടിലോ സർവകലാശാല പരിസരത്തോ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും അങ്ങനെ ഉണ്ടെങ്കിൽ അന്ന് പരീക്ഷയുണ്ടാവില്ലെന്നും പരിഹസിച്ച് കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോടിയേരിയുടെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷനിൽ പങ്കെടുക്കാനുള്ള കുട്ടി സഖാക്കളുടെ സൗകര്യാർഥമാണ് പരീക്ഷകൾ മാറ്റിയതെന്ന ആരോപണവും കേരളസർവ്വകലാശാലയ്‌ക്കെതിരെ അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക് :

ഉറക്കമിളച്ച് പഠിക്കുമ്പോൾ ഒരു കാര്യം അന്വേഷിച്ചേക്കുക.

കോടിയേരി ബാലകൃഷ്ണൻ ,ആനാവൂർ നാഗപ്പൻ ,പി. ജയരാജൻ തുടങ്ങിയ നാട്ടുപ്രമാണിമാർ ആരെങ്കിലും പങ്കെടുക്കുന്ന പരിപാടി നിങ്ങളുടെ നാട്ടിലോ സർവകലാശാല പരിസരത്തോ നടക്കുന്നുണ്ടോയെന്ന്. ഉണ്ടെങ്കിൽ അന്ന് പരീക്ഷയുണ്ടാവില്ലെന്ന് ഉറപ്പ്.

ഇത് കേരളമാണ് നാട്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ഭരണം. ഇവിടിങ്ങനാണു ബ്രോ. സഖാവ് കോടിയേരിയുടെ പാർട്ടി ക്ലാസാണ് സർവകലാശാല പരീക്ഷയെക്കാൾ വലുതെന്ന് കേരളസർവകലാശാല കരുതുമ്പോൾ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും ? BA / BSc /Bcom മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് കോടിയേരിയുടെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷനിൽ പങ്കെടുക്കാനുള്ള കുട്ടി സഖാക്കളുടെ സൗകര്യാർഥം മാറ്റിയത്. പരീക്ഷ പോലും സമയത്ത് നടത്താൻ അനുവദിക്കാതെ എന്ത് സംരക്ഷണമാണ് ഹേ നിങ്ങൾ വിദ്യാഭ്യാസത്തിന് നൽകുന്നത് !