ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് പേർ പരിഗണനയിൽ. രജനീകാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ്.എസ് ദേശ്വാൾ, എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്നലെ ചേർന്ന സെലക്ഷൻ സമിതി യോഗത്തിൽ ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് കോൺഗ്രസ് പ്രതിനിധി മല്ലികാർജുൻ ഗാർഖെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഗാർഖെയുടെ ആവശ്യം തള്ളിയിരുന്നു. രജനീകാന്ത് മിശ്രയുടെ പേരാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഇന്നത്തെ സെലക്ഷൻ സമിതിയിൽ സി.ബി.ഐ ഡയറക്ടർ നിയമനത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
കഴിഞ്ഞ ദിവസം സി.ബി.ഐക്ക് ഉടൻ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറുടേത് സുപ്രധാന പദവിയാണ്. അതിൽ ഇടക്കാല ഡയറക്ടറെ ദീർഘനാളിരുത്തുന്നത് ശരിയല്ല. ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല ഡയറക്ടറായി എം.നാഗേശ്വരറാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ്മാരായ എ.കെ സിക്രി, എൻ.വി രമണ എന്നിവർ പിൻമാറിയതിനെ തുടർന്നാണ് ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ച് ഹർജി ഇന്നലെ പരിഗണിച്ചത്.