കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് തട്ടിപ്പാണെന്ന ആരോപണമുന്നയിച്ച് സി.പി.എം നേതാവായ എം.ബി. രാജേഷ് എം.പി. കബളിപ്പിക്കലിന്റെ കാര്യത്തിൽ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ പ്രതിവർഷം രണ്ട് കോടി തൊഴിൽ, കള്ളപ്പണം തിരിച്ചു പിടിച്ച് ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ... തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയ ശേഷം അതൊക്കെ വെറും നമ്പർ എന്ന് വിശേഷിപ്പിച്ചയാളാണ് അമിത്ഷായെന്ന് എം.ബി. രാജേഷ് ആരോപിക്കുന്നു. തൊഴിലെവിടെ എന്നുചോദിച്ചപ്പോൾ പക്കാവട ഉണ്ടാക്കി വിൽക്കുന്നതും തൊഴിലാണെന്ന മറുപടി രാജ്യസഭയിൽ പറഞ്ഞാണ് അമിത് ഷാ അരങ്ങേറ്റ പ്രസംഗം കുറിച്ചത്.
ഈ ബഡ്ജറ്റിൽ കൃഷിക്കാർക്ക് നേരിട്ടുള്ള ഇൻകം സപ്പോർട്ടായി പ്രതിവർഷം 6000 രൂപ അതായത് ദിവസം 17 രൂപ നൽകുന്നതിനെ ആത്മഹത്യ അലവൻസ് എന്ന് വിളിക്കുന്നതാണ് നല്ലത് . ഈ തുകകൊണ്ട് വിഷം വാങ്ങാനല്ലാതെ മറ്റ് എന്തിനാണ് തികയുക എന്നും അദ്ദേഹം ചോദിച്ചു.
ആദായ നികുതിയിൽ ഇളവ് അനുവദിച്ചത് മധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണെന്നും, ആദ്യ ബഡ്ജറ്റിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയവർ ഇപ്പോൾ പതിനൊന്നാം മണിക്കൂറിൽ പ്രഖ്യാപനമായിട്ടാണ് ഇത് കൊണ്ട് വന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കബളിപ്പിക്കലിന്റെ കാര്യത്തിൽ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം മുമ്പുള്ള ബജറ്റ് അതൊരിക്കൽ കൂടി തെളിയിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓർക്കുക. പ്രതിവർഷം രണ്ട് കോടി തൊഴിൽ, കള്ളപ്പണം തിരിച്ചു പിടിച്ച് ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില,വിള ഇൻഷുറൻസ്, സ്മാർട്ട് സിറ്റി........ വാഗ്ദാനങ്ങളിൽ ചിലതിനെക്കുറിച്ച് അമിത് ഷാ പറഞ്ഞത് 'ജുംല' എന്നായിരുന്നു. മിതമായി പരിഭാഷപ്പെടുത്തിയാൽ ഒരു 'നമ്പർ' ആയിരുന്നു എന്നർത്ഥം. തൊഴിലെവിടെ എന്നുചോദിച്ചപ്പോൾ പക്കവട ഉണ്ടാക്കി വിൽക്കുന്നതും തൊഴിലാണെന്നായിരുന്നു രാജ്യസഭയിൽ തന്റെ അരങ്ങേറ്റ പ്രസംഗത്തിൽ ഷാ പറഞ്ഞത്.
കേരളവർമ്മയിൽ എസ്.എഫ്.ഐ വനിതാ നേതാവ് കോപ്പിയടിച്ചു, സി.പി.എം നേതാക്കൾ ഇടപെട്ട് ഒതുക്കിയെന്ന് ആരോപണം
ഈ തെരഞ്ഞെടുപ്പിനു മുമ്പുള്ള വാഗ്ദാനങ്ങൾ നോക്കൂ. കൃഷിക്കാർക്ക് നേരിട്ടുള്ള ഇൻകം സപ്പോർട്ട് പ്രതിവർഷം 6000 രൂപ. പ്രതിദിനം 17 രൂപ! ആത്മഹത്യ അലവൻസ് എന്നു വിളിക്കുന്നതായിരിക്കും നല്ലത്. വിഷം/കയർ വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുക? രണ്ട് ഹെക്ടർ വരെയുള്ളവർക്ക് മാത്രമാണീ തുച്ഛമായ തുക കിട്ടുന്നതും. ഭൂരഹിതരും പാട്ടകുടിയാന്മാരുമായ മഹാഭൂരിപക്ഷം അതി ദരിദ്ര കൃഷിക്കാർക്ക് ഇതുമില്ല. 2 ഹെക്ടർ വരെയുള്ളവരെ തന്നെ എങ്ങനെ കണ്ടെത്തും? ഭൂമിസംബന്ധമായ രേഖകൾ ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടില്ലല്ലോ. താങ്ങുവിലയും വിള നാശത്തിനുള്ള നഷ്ടപരിഹാരവും കൃഷിയിൽനിന്ന് ആദായവും ഉറപ്പുവരുത്തുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് അക്കൗണ്ടിലേക്ക് 2000 രൂപ ഇട്ടു തരാം നിങ്ങളുടെ വോട്ട് ഇങ്ങോട്ടിട്ടേക്ക് എന്നാണ് ഇപ്പോൾ മോദി പറയുന്നതിനർത്ഥം. വോട്ട് വിലയ്ക്ക് വാങ്ങാനുള്ള കൈക്കൂലി മാത്രമാണിത്. കാർഷികമേഖലയിൽ വേണ്ടത് കൈക്കൂലിയല്ല, കൃഷി ആദായകരം ആകുമെന്ന് ഉറപ്പിക്കുന്ന നയങ്ങളും നടപടികളുമാണ്. ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില, വർദ്ധിച്ച പൊതുനിക്ഷേപം, സർക്കാർ നേതൃത്വത്തിൽ സംഭരണം, വിലസ്ഥിരത ഉറപ്പാക്കൽ, കുറഞ്ഞ പലിശക്ക് സ്ഥാപന വായ്പ, ഭൂരഹിത കർഷകർക്ക് ഭൂമിയിലുള്ള അവകാശം എന്നിവയൊക്കെയാണ് വേണ്ടത്. കർഷകർക്ക് പ്രതിദിനം 17 രൂപ നക്കാപ്പിച്ച കൊടുത്തിട്ട് കൊട്ടിഘോഷിക്കുന്നവർ അറിയേണ്ടത് കാസർഗോഡ് ജില്ലയിലെ കരിവെള്ളൂർ- പേരളം പഞ്ചായത്ത് നെൽകൃഷിക്കാർക്ക് നൽകുന്ന ഇൻസെന്റീവ് (സബ്‌സിഡിക്ക് പുറമേ ) ഹെക്ടറിന് 17,000 രൂപയാണ് എന്നതാണ്. കേരള സർക്കാർ കേന്ദ്രം നൽകുന്നതിനേക്കാൾ ക്വിന്റലിന് 800 രൂപ അധികം നൽകിയാണ് നെല്ല് സംഭരിക്കുന്നത്. മറ്റൊരു പ്രഖ്യാപനം അസംഘടിത മേഖലാ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയാണ്. അതിന് അനുവദിച്ചതോ 500കോടി രൂപ മാത്രവും. ഗോമാതാവിന്റെ ക്ഷേമത്തിന് 750 കോടി രൂപയുണ്ടെന്ന് അറിയുമ്പോഴാണ് മുൻഗണന വ്യക്തമാകുന്നത്. വോട്ടുള്ള അസംഘടിത മേഖല തൊഴിലാളിക്ക് പശുവിന്റെ പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു. തൊഴിലാളിയെക്കാൾ കൂടുതൽ വോട്ട് പശു വാങ്ങിത്തരും എന്നായിരിക്കും. പെൻഷൻ കിട്ടാൻ തൊഴിലാളി 100 രൂപ പ്രതിമാസം സർക്കാരിന് നൽകണം. 60 വയസുവരെ മുടങ്ങാതെ വിഹിതം അടയ്ക്കണം. ഏതെങ്കിലും സാഹചര്യത്തിൽ മുടങ്ങിയാൽ അതുവരെ അടച്ചത് നഷ്ടമാകുമോ? പ്രഖ്യാപനം മാത്രമാണെന്നും പദ്ധതി ആവിഷ്കരിച്ചിട്ടില്ല എന്നതുകൊണ്ടും വ്യക്തമായഉത്തരമില്ല.നടപ്പാക്കാനാണെങ്കിൽ പദ്ധതി വേണം. വോട്ടിനാവുമ്പോൾ പ്രഖ്യാപനത്തിൽ ഒതുക്കാം.
5 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയതാണ് മധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ. മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന് പറഞ്ഞതാണ് ഇപ്പോൾ പതിനൊന്നാം മണിക്കൂറിൽ പ്രഖ്യാപനമായി വരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന് വരുമാനപരിധി എട്ടുലക്ഷം എന്ന് രണ്ടാഴ്ച മുമ്പ് നിയമത്തിൽ പറഞ്ഞ സർക്കാർ ആദായനികുതി പരിധി 5 ലക്ഷത്തിൽ നിർത്തുന്നതിൽ എന്ത് യുക്തി? ഇതിൽ ഏതെങ്കിലുമൊന്ന് യുക്തിക്ക് നിരക്കാത്തതാണെന്ന് സമ്മതിക്കേണ്ടി വരുമല്ലോ? രണ്ടും വോട്ടിന് ആവുമ്പോൾ എന്ത് യുക്തി?
പിന്നെ അംഗൻവാടി ഓണറേറിയം, ഇഎസ്ഐ പരിധി, ഗ്രാറ്റുവിറ്റി പരിധി തുടങ്ങി നേരത്തെ പ്രഖ്യാപിച്ചതും ഇതുവരെ നടപ്പാക്കാത്തതും വീണ്ടും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ കാര്യം പലതവണ പ്രഖ്യാപിക്കുമ്പോൾ പലതവണ ഇതൊക്കെ കൂട്ടി എന്നൊരു ഫീൽ ജനത്തിനുണ്ടാകുമെന്ന് കരുതുന്നുണ്ടാവണം കബളിപ്പിക്കലിന്റെ ആശാന്മാർ. ബിജെപിയുടെ ഏറ്റവുംവലിയ വാഗ്ദാനമായിരുന്ന തൊഴിലിനെ കുറിച്ച് പിയൂഷ് ഗോയൽ പറഞ്ഞതിത്രമാത്രം "തൊഴിൽ തേടിയിരുന്നവർ തൊഴിൽ സൃഷ്ടിക്കുന്നവർ ആയിമാറി"(ഈ സർക്കാരിന്റെ തന്നെ NSSO യുടെ ഇന്നലത്തെ ചോർന്ന റിപ്പോർട്ട് പറയുന്നത് തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് എന്നത്രേ)രണ്ടുമാസം കഴിയുമ്പോൾ ഗോയൽ ഇപ്രകാരം പറയും "തൊഴിൽ സൃഷ്ടിക്കാത്തവർ തൊഴിൽരഹിതരായി"
വാൽക്കഷണം: ബജറ്റ് പ്രസംഗം ഒരു സിനിമ പ്രൊമോട്ട് ചെയ്യാനും പീയുഷ് ഉപയോഗിച്ചു.മോദി റിലയൻസ് ജിയോ പ്രമോട്ട് ചെയ്യുമ്പോൾ ഗോയൽ ഇത്രയെങ്കിലും ചെയ്യേണ്ടേ!
അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ