കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്, ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണിത്. നാം ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ആരോഗ്യപരമായ മറ്റ് കാരണങ്ങൾ കൊണ്ടുമാണ് ഇതുണ്ടാവുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രശ്നങ്ങളും ചില്ലറയല്ല. രോഗം തിരിച്ചറിഞ്ഞതിന് ശേഷം എത്രയും പെട്ടന്ന് ചികിത്സിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിക്കും. ചിലപ്പോൾ ഇത് മൂത്രത്തിലൂടെ താനേ പോകാറുണ്ട്. എന്നാൽ കല്ലിന്റെ വലിപ്പം കൂടുന്തോറും താനേ പോകാനുള്ള സാദ്ധ്യത കുറഞ്ഞുവരും. രക്തത്തിലെ WBC കളുടെ എണ്ണം കൂടുന്നതും കല്ല് താനേ പോകാനുള്ള സാദ്ധ്യത കുറയ്ക്കും. മൂത്രനാളിയിൽ അനങ്ങാതെ ഉറച്ചിരിക്കുന്ന കല്ലുകളാണ് ഇത്തരത്തിൽ WBC എണ്ണം കൂട്ടുന്നത്.
രോഗിയുടെ പ്രായം കൂടുന്നത് ഉദാഹരണത്തിന് 60 വയസിൽ കൂടുതലുള്ള ആൾക്കാരിൽ കല്ലുകൾ താനേ പോകുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. പ്രായം കൂടുമ്പോൾ മൂത്രനാളിയിലെ മാംസപേശികളുടെ പ്രവർത്തനം കുറയുന്നതുമൂലം കല്ലുകൾ താനെ നീങ്ങുന്നില്ല. ചലനശേഷി കുറഞ്ഞ രോഗികളിൽ മൂത്രക്കല്ലുകൾ താനെ പോകുന്നതിനുള്ള സാദ്ധ്യത കുറവാണ്.
രക്തത്തിലെ CRPപരിശോധന ഇത്തരം രോഗികളിൽ നിർണായകമാണ്. CRP കൂടിയ രോഗികളിൽ മൂത്രക്കല്ല് താനെ പോകാനുള്ള സാദ്ധ്യത കുറവാണ്. അതായത് CRP അളവ് നോക്കി രോഗികളിൽ മൂത്രക്കല്ല് താനെ പോകുമോ എന്ന് പ്രവചിക്കാൻ കഴിയും. 4 മുതൽ 5 mm വരെയുള്ള കല്ലുകൾ മൂത്രനാളിയിലുണ്ടെങ്കിൽ താനെ പോകുവാൻ ഏതാണ്ട് 40 ദിവസത്തോളം എടുക്കും. CRP യുടെ അളവ് 0.506 mg / 1 കുറവ് ആണെങ്കിൽ മൂത്രക്കല്ല് താനെ പോകാനുള്ള സാദ്ധ്യത കൂടുതലാണ്.
CRP അളവ് മൂത്രക്കല്ല് മൂലം ശരീരത്തിലുണ്ടാകുന്ന ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങൾ മൂലം കൂടുന്നു. കല്ലുകളുടെ വലിപ്പം, നേരത്തെ കല്ലുകൾ താനേ പോയ ചരിത്രം, വൃക്കകളുടെ വീക്കം, രക്തത്തിലെ CRP, WBC കളുടെ എണ്ണം മുതലായവയാണ് മൂത്രക്കല്ല് ചികിത്സാരീതി തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.